തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എൽഡിഎഫ് അട്ടിമറി വിജയം നടത്തിയത്. നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫ് സീറ്റ് നേടി. കണ്ണൂർ മുഴപ്പിലങ്ങാട് അഞ്ചാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പഴയകുന്നുമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തിയിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തും കുരിയോട് വാർഡും എൽഡിഎഫിന് തന്നെ.തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് ബിജെപിയിൽ നിന്ന് അട്ടിമറി വിജയത്തിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയം നേടിയത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.
14 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇതുവരെ 10 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. മാത്രമല്ല യുഡിഎഫിന് നെടുമ്പാശ്ശേരിയിലെ പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്തു. നെടുമ്പാശ്ശേരി കല്പക നഗർ വാർഡിൽ സിപിഐഎമ്മിലെ അർച്ചന 98 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡ് ബിജെപിയിൽ നിന്ന് സിപിഐ പിടിച്ചെടുത്തു. തൃശൂർ മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിൽ മുതുകാട് വാർഡിൽ എൽഡിഎഫിന് വിജയം. അതേസമയം ചിറ്റൂർ എരുത്തേൻപതി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാർഡ് കോൺഗ്രസിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ആകെ അഞ്ചു സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഫല പ്രഖ്യാപനം പൂർണമാകുമ്പോൾ എൽഡിഎഫ് 10 വാർഡുകളിൽ വിജയം ഉറപ്പിച്ചു. കോൺഗ്രസിന് 14 സീറ്റുണ്ടായിരുന്നത് 10 ആയി കുറയുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് അടക്കം മൂന്നു വാർഡുകൾ ബിജെപിയിൽ നിന്ന് സിപിഎം പിടിച്ചെടുത്തത് അവർക്ക് വലിയ തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ഈ മുന്നേറ്റം പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ദിശാ സൂചികയായി മാറുമെന്നാണ് വിലയിരുത്തൽ