പതിനൊന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ചൊവ്വാഴ്‌ച നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ രാത്രി എട്ടുവരെയുള്ള കണക്കുപ്രകാരം 61.45 ശതമാനം പോളിങ് നടന്നു. നാല് സീറ്റിലേക്ക് വോട്ടെടുപ്പ് നടന്ന അസമിലാണ് ഉയർന്ന പോളിങ്–- 75.01 ശതമാനം. കുറഞ്ഞ പോളിങ് 11 സീറ്റിലേക്ക് വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ–- 53.95 ശതമാനം. മൂന്നാം ഘട്ടത്തോടെ ഗുജറാത്ത്, കർണാടക, ഛത്തീസ്‌ഗഢ്, അസം സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി.
അഞ്ച് സീറ്റിലേക്ക് വോട്ടെടുപ്പുണ്ടായ ബിഹാറിൽ 56.5 ശതമാനമാണ് അഞ്ചുവരെയുള്ള പോളിങ്. കർണാടകത്തിലെ 14 സീറ്റിൽ 66.75ഉം ഗുജറാത്തിലെ 25 സീറ്റിൽ 56.19 ശതമാനവും ഛത്തീസ്‌ഗഢിലെ ഏഴ് സീറ്റിൽ 66.94 ശതമാനവും യുപിയിലെ 10 സീറ്റിൽ 57.03 ശതമാനവും ബംഗാളിലെ നാല് സീറ്റിൽ 73.93 ശതമാനവും മധ്യപ്രദേശിലെ ഒമ്പത് സീറ്റിൽ 62.75 ശതമാനവും ഗോവയിലെ രണ്ട് സീറ്റിൽ 74 ശതമാനവും ദാദ്ര–-നഗർഹവേലി, ദാമൻ–-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ 65.23 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഒന്നാം ഘട്ടത്തിൽ 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവുമായിരുന്നു പോളിങ്.
മെയ് 13ന് നടക്കുന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബൂത്തിലെത്തുന്നത് 11 സംസ്ഥാനങ്ങളിൽ നിന്നായി 96 മണ്ഡലങ്ങൾ. ആന്ധ്രപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പും 13ന് ആണ്. ആന്ധ്രയിലെ 25, തെലങ്കാനയിലെ 17, യുപിയിലെ 13, മഹാരാഷ്ട്രയിലെ 11, ബംഗാളിലെയും മധ്യപ്രദേശിലെയും എട്ടുവീതം, ബിഹാറിലെ അഞ്ച്, ഒഡിഷയിലെയും ജാർഖണ്ഡിലെയും നാലുവീതം സീറ്റുകളിലാണ് വോട്ടെടുപ്പ്. ജമ്മു -കശ്‌മീരിലെ ശ്രീനഗറും വിധിയെഴുതും.
യുപി, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കടുത്ത വെല്ലുവിളി നേരിടുന്ന ബിജെപിക്ക് നാലാംഘട്ട വോട്ടെടുപ്പ് നിർണായകമാണ്. ആദ്യ രണ്ടുഘട്ടം വോട്ടെടുപ്പുകളിൽ സ്ഥിതി ഭദ്രമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നാലാംഘട്ടത്തോടെ മധ്യപ്രദേശിൽ വോട്ടെടുപ്പ് പൂർത്തിയാകും. തെലങ്കാന, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ സീറ്റ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തെലങ്കാനയിൽ ബിആർഎസ് ദുർബലപ്പെട്ടത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.