ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ നിരവധി മണ്ഡലങ്ങളിൽ പ്രതിഷേധവും പരാതിയും. ഇവിഎം മെഷീനെതിരെയും പ്രതിപക്ഷ പാർട്ടിയിലെ പോളിങ് ഏജന്റുമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമാണ് ഉയർന്ന് വരുന്നത്. ഡൽഹി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് രജൗരി, ഒഡീഷയിലെ പുരി എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്.
അതേസമയം പിഡിപി പോളിങ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് മെഹബൂബ മുഫ്തി അനന്ദ്‌നാഗിലെ ബിജ്‌ബെഹറ പോലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. ”ഞങ്ങളുടെ പോളിങ് ഏജന്റുമാരെ അറസ്റ്റ് ചെയ്തു. കാരണം ചോദിക്കുമ്പോൾ അവർ ഒന്നും പറയുന്നുമില്ല. ഞാൻ പാർലമെന്റിൽ പോകുന്നത് ഭയക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ലെഫ്റ്റനന്റ് ഗവർണർ സർ എന്നോട് പറയണം,” മഹബൂബ പറയുന്നു.
പോളിങ് ഏജന്റുമാരെ ബൂത്തിനുള്ളിലേക്ക് കയറ്റുന്നില്ലെന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഇന്ത്യ മുന്നണി സ്ഥാനാർഥി ഉദ്ധിത് രാജും ആരോപിച്ചു. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഡൽഹിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങൾ, ഉത്തർപ്രദേശിൽ 14, ബിഹാറിലും ബംഗാളിലും 8 സീറ്റുകൾ വീതം, ഒഡീഷയിൽ 6, ഝാർഖണ്ഡിൽ 4, ജമ്മു കശ്മീരിലെ ഒരു മണ്ഡലം എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 889 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.