ലോക്‌സഭ തെരഞ്ഞെടുപ്പിന്‌റെ നാലാം ഘട്ടം വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്. 40.32 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്നത് പശ്ചിമ ബംഗാളിലാണ് 51.87 ശതമാനം. ഏറ്റവും കുറവ് ജമ്മു ആൻഡ് കശ്മീരിൽ, 23.57 ശതമാനം.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറ്, ഏജന്‌റുമാരെ പോളിങ് ബൂത്തിൽ പ്രവേശിക്കുന്നത് തടയൽ, വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ വോട്ട് രേഖപ്പെടുത്തുന്നതിൽനിന്ന് തടയുകയോ ചെയ്യൽ എന്നിങ്ങനെ പശ്ചിമ ബംഗാളിലെ വിവിധ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും പരാതികൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒൻപതു മണിവരെ തൃണമൂൽ കോൺഗ്രസ് 139 പരാതികളും ബിജെപി 35 പരാതികളും നൽകിയിട്ടുണ്ട്.
96 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിർണയിക്കാൻ തയ്യാറെടുക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.