ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഒഡീഷ,അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ അധ്യക്ഷതയിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ പുതിയ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിംഗ് സന്ധുവും പങ്കെടുത്തു. തീയതിയിൽ ധാരണയായതോടെ ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപനം നടത്താൻ തീരുമാനിക്കുകയായിരുന്നു.