2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് എഐവൈഎഫ്. മുതലാളിവർഗത്തോടും കോർപറേറ്റുകളോടും കടുത്ത വിധേയത്വം പുലർത്തുന്ന ബിജെപിയുടെ സർക്കാർ ഭരണ കാലയളവിൽ മുതലാളിത്ത പ്രീണനപരമായ നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കി ഇക്കൂട്ടരുടെ പിന്തുണ ആർജ്ജിക്കുവാനാണ് ശ്രമിച്ചതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
കോൺഗ്രസ് ആകട്ടെ ബിജെപിയുടെ മുതലാളിത്ത നയങ്ങൾക്കും വർഗീയ അജണ്ടകൾക്കും ബദൽ നയത്തിലൂന്നിയുള്ള പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നില്ലെന്ന് മാത്രമല്ല നെഹ്റു മുതൽ വി പി സിങ് വരെയുള്ളവർ നടപ്പാക്കാൻ ശ്രമിച്ച ജനാധിപത്യ – മതേതര രീതിക്കുപകരം തികച്ചും പാശ്ചാത്യ മാതൃകയിലുള്ളതും മുതലാളിത്ത പ്രീണനപരവുമായ ഭരണ – സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നവരുമാണ്.
ഒരു ഭാഗത്ത് ഇന്ത്യയിൽ വിദേശ മൂലധന നിക്ഷേപത്തിനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കിയും പ്രതിരോധവും റെയിൽവെയും ഉൾപ്പെടെയുള്ള നിരവധി വ്യവസായങ്ങളിൽ കൂടുതൽ വിദേശമൂലധന നിക്ഷേപം അനുവദിച്ചു കൊണ്ടും സമ്പദ് വ്യവസ്ഥയെയാകെ മുതലാളിത്ത നിയന്ത്രണത്തിൽ കൂടുതൽ ഉദാരവ്യവസ്ഥകളോടെ വളരാൻ അനുവദിക്കുകയുമായിരുന്നു മോദി സർക്കാർ.
അതോടൊപ്പം ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ നിഷ്കാസനം ചെയ്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്താനും ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ടതും ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കേണ്ടതും നാടിനെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും കടമയാണെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.