രാജ്യത്ത് പാചകവാതക വില വീണ്ടും ഉയർത്തി എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിനു ചെന്നൈയിൽ 1964.50 രൂപയായി. ന്യൂഡൽഹിയിൽ വില 1810.50 രൂപയായി ഉയര്‍ന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില.
ചെറുകിട കടകളില്‍ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ മിനി പാചകവാതക സിലിണ്ടറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപയാണ് മിനി സിലിണ്ടറിന് ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ 14.2 കിലോയുടെ സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വിലവര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനികള്‍ അറിയിച്ചു.
ഇതു തുടര്‍ച്ചയായ നാലാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ 92 ദിവസത്തിനിടെ പാചകവാതക വിലയില്‍ 158.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം പാചകവാതക വിലയില്‍ 48.50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. അതിനു മുമ്പ് സെപ്റ്റംബര്‍ ആദ്യം 39 രൂപയുടെയും ഓഗസ്റ്റ് ആദ്യം 8.50 രൂപയുടെയും വര്‍ധനവ് നടപ്പാക്കിയിരുന്നു.