ഇംഫാൽ: കലാപം പടര്‍ന്നു പിടിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. മണിപ്പൂരിൽ കലാപന്തരീക്ഷം സൃഷ്ടിച്ച ബിജെപിയുടെ അടുത്ത നാടകമാണ് മന്ത്രി സഭയുടെ രാജിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ബിജെപിയ്ക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടന്നത് എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.
വെള്ളിയാഴ്ച ഉച്ചയോടെ എന്‍ ബിരേന്‍ സിങ് മണിപ്പൂര്‍ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തടിച്ചു കൂടുകയും ചെയ്തു. രാജിവയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. മെയ്തി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.
‘ഈ നിര്‍ണായക ഘട്ടത്തില്‍, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ എന്നായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ കാബിനറ്റ് മന്ത്രി എല്‍. സുസിന്ദ്രോ മെയ്‌തേയ് മുഖ്യമന്ത്രിയുടെ രണ്ട് വരി രാജിക്കത്ത് അനുഭാവികളുടെ മുന്നില്‍ കീറിയെറിഞ്ഞു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയയത്.
മെയ് 3 മുതലാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. മെയ്തികളും (ഹിന്ദുക്കള്‍), കുക്കികളും (ആദിവാസികള്‍, ക്രിസ്ത്യാനികള്‍) തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതിനകം രണ്ട് സമുദായങ്ങളില്‍പ്പെട്ട 133 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. അക്രമങ്ങളില്‍ ദിനം പ്രതി മരണങ്ങള്‍ വര്‍ധിച്ചതോടെ മെയ്തി സ്ത്രീകളുടെ ഒരു വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയ പ്രതിരോധ നീക്കങ്ങള്‍ ശക്തമായത്.
ഇതിന് പിന്നാലെ മണിപ്പൂര്‍ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ രാജിവയ്ക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വം ബിരേന്‍ സിങ്ങിന് മുന്നില്‍ വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.