മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ(91) വിടവാങ്ങി. ഒട്ടനവധി മഹത് ഗ്രന്ഥങ്ങൾ മലയാള മനസുകൾക്ക് സമ്മാനിച്ചാണ് എം ടി വിട വാങ്ങുന്നത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
സാഹിത്യകാരൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിൽ തന്റെ തായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങൾ ലഭിച്ചു. കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.
ടി. നാരായണൻ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായി ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി വാസുദേവൻ നായർ 1933 ജൂലൈ 15ന് ആണ് ജനിച്ചത്. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളജിൽ ഉപരിപഠനത്തിന്, ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂൾ അധ്യാപകനായി ജോലി ചെയ്തിരുന്നു.
1965-ൽ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി കൊണ്ടാണ് എംടി സിനിമാ രംഗത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടിങ്ങോട്ട് 54 സിനിമകൾക്ക് എംടി ഇതുവരെ തിരക്കഥ എഴുതി. എംടിയുടെ തിരക്കഥകൾക്ക് മലയാളത്തിലും ആരാധകരേറെയാണ് 1995-ൽ രാജ്യം ജ്ഞാനപീഠ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.