ഭോപ്പാൽ: രാമ നവമി ആഘോഷങ്ങളുടെ മറവിൽ നടന്ന അക്രമണങ്ങളിൽ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ വീടുകളടക്കം ജെസിബി ഉപയോഗിച്ച് തകർത്തെറിഞ്ഞ് മധ്യപ്രദേശ് സർക്കാർ. പോലീസിന്റെ അകമ്പടിയോടെ ഖർഗോൺ ജില്ലാ ഭരണകൂടം നേരിട്ടെത്തിയാണ് വീടുകളടക്കം പൊളിച്ചു നീക്കിയത്. പ്രദേശത്ത് രാമ നവമി ആഘോഷങ്ങളുടെ പേരിൽ സംഘർഷം നടന്ന് 48 മണിക്കൂർ പിന്നിട്ടതിനു പിന്നാലെയാണ് മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭരണകൂട നടപടിയുണ്ടായിരിക്കുന്നത്.
സർക്കാർ ഭൂമി കൈയ്യേറിയാണ് ഇവർ അവിടെ താമസിച്ചിരുന്നതെന്നും അത് പിടിച്ചെടുക്കുന്ന നടപടി മാത്രമാണ് നിലവിൽ നടന്നിട്ടുള്ളതെന്നും ഇൻഡോർ ഡിവിഷണൽ കമ്മിഷണർ പവൻ ശർമ്മ ദ ഹിന്ദുവിനോട് പറഞ്ഞു. 45 വസ്തുവകകളാണ് പൊളിച്ചത്. സാമുദായിക സംഘർഷത്തിലെ കുറ്റാരോപിതരുടെ സ്വത്തും ഇതിലുണ്ട്. റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സംഘർഷത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ‘കലാപകാരികളെ വെറുതെ വിടില്ല. മധ്യപ്രദേശിൽ അവർക്ക് സ്ഥാനമുണ്ടാകില്ല. തിരിച്ചറിഞ്ഞാൽ ശക്തമായ നടപടി കൈക്കൊള്ളും. അറസ്റ്റിൽ മാത്രമായി കാര്യങ്ങൾ ഒതുങ്ങില്ല.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം, കുറ്റക്കാരെന്ന് കണ്ടെത്താത്തവർക്കെതിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണ് എന്ന വിമർശനം ഉയരുന്നുണ്ട്. നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെ സമാന രീതിയിൽ യുപി സർക്കാർ നടപടിയെടുത്തിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
രാമ നവമി ദിനത്തിൽ വ്യാപകമായ അക്രമമാണ് രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നത്. ജെഎൻയുവിൽ അടക്കം ഹിന്ദുത്വ ഗുണ്ടകളുടെ അഴിഞ്ഞാടമാണ് രാമനവമി ദിവസം നടന്നത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി അക്രമങ്ങൾ അരങ്ങേറി.