കേരളം മിനി പാകിസ്ഥാനാണെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്ര ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി നിതേഷ് റാണ രാജിവെക്കണമെന്ന് എഐവൈഎഫ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കാൻ കാരണം കേരളം മിനി പാകിസ്ഥാൻ ആയതു കൊണ്ടാണെന്നും ഇരുവരുടെയും വിജയം ഭീകര സംഘടനകളുടെ പിൻ ബലത്തിലായിരുന്നുവെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്.
കേരളത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിയുടെ പരാമർശം സമൂഹത്തിൽ വിഭാഗീയ ചിന്തകൾ വളർത്താനും ജനങ്ങളെ മതപരമായി വേർതിരിക്കാനുമുള്ള ബിജെപിയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണെന്നും എഐവൈഎഫ് ആരോപിച്ചു. ജനാധിപത്യ മതേതര കാഴ്ചപ്പാടുകളിലൂടെ ഉയർന്നു വന്ന കേരള ജനതയെയാകമാനം അപമാനിച്ച മന്ത്രി തന്റെ വിവാദ പരാമർശത്തിലൂടെ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കാവുന്ന കടുത്ത വർഗീയ ചേരിതിരിവിനാണ് ശ്രമിച്ചിരിക്കുന്നതെന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
സത്യ പ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി നിതേഷ് റാണ രാജിവെക്കണമെന്നും വിഷയത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.