സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.
മീന ഗണേഷ് കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു. പല വര്‍ഷങ്ങളായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്.
പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്.
നാടക രംഗത്ത് എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്ത് നിരവധി പുരസ്കാരങ്ങളും നടി നേടിയിരുന്നു.
ആദ്യ സിനിമ പിഎ ബക്കറിന്‍റെ മണി മുഴക്കം ആയിരുന്നു. നാടക രംഗത്തെ പരിചയമാണ് എഎന്‍ ഗണേഷുമായുള്ള വിവാഹത്തില്‍ എത്തിയത്.സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകീട്ട് ഷോര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.