ചലച്ചിത്ര അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ തുടർ നടപടി എന്താണെന്ന് അറിഞ്ഞ ശേഷം കോടതിയിൽ പോകണമോ എന്ന് തീരുമാനിക്കുമെന്നും വിനയൻ വ്യക്തമാക്കി.
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന ഗുരുതര ആക്ഷേപമാണ് സംവിധായകൻ വിനയൻ ഉന്നയിക്കുന്നത്. വ്യക്തിവിരോധം മൂലം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയിൽ നിന്നൊഴിവാക്കി. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചു. രഞ്ജിത്തിൻ്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി അംഗം മന്ത്രിയുടെ ഓഫിസിൽ പരാതി പറഞ്ഞിട്ടുണ്ട്. തെളിവ് പുറത്ത് വിടാൻ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രഞ്ജിത്തിനെ വെല്ലുവിളിച്ച് വിനയൻ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നതെന്ന് വ്യക്തമാക്കി എഐവൈഎഫ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണം എന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ ആവശ്യപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടാല്‍ രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേതെന്നും എഐവൈഎഫ് വിമര്‍ശിച്ചു.
നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി തെളിവുകൾ പരിശോധിച്ച് മാതൃകാപരമായ നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിച്ചു കൊണ്ട് ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും കത്തയച്ചിരുന്നു. വിനയൻ്റെ കയ്യിൽ ആരോപണങ്ങൾ വസ്തുതയാണെന്ന് വെളിവാക്കുവാനുള്ള തെളിവുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മാതൃകപരമായ അന്വേഷണം വേണമെന്ന് എൻ അരുൺ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.