തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രവർത്തകൻ രംഗത്ത്. പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട ഡി രാജയെ പരാമർശിച്ചു കൊണ്ട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെയാണ് വിമർശനം.
വ്യാജ വാർത്തകൾ കെട്ടിച്ചമച്ച മലയാള മനോരമയിൽ നേരിട്ട് വിളിക്കുകയായിരുന്നു പാർട്ടി പ്രവർത്തകൻ. സിപിഐയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറി തൈക്കാട് ഗസ്റ്റ് ഹൗസിൽ ഏകനായി ഇരിക്കുന്നു എന്ന വ്യാജവാർത്ത മനോരമ പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ചിരുന്നു. പാർട്ടിയുടെ പേരിൽ തെറ്റായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് പാർട്ടി പ്രവർത്തകൻ മലയാള മനോരമയിലേക്ക് വിളിച്ചത്.
സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യാനും പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യാനുമാണ് പാർട്ടി തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ചു നോട്ടീസുകളിലും പോസ്റ്ററുകളിലും സമയ ക്രമം നൽകുകയും ചെയ്തിരുന്നു. എന്നാൽ മനോരമ അടക്കമുള്ള മാധ്യമങ്ങൾ നുണ പ്രചരണം നടത്തി സമ്മേളനത്തെ ഇകഴ്ത്തി കാട്ടുകയാണ്.
‘പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പത്രസമ്മേളനം വിളിക്കുകയും മനോരമയടക്കം പല മാധ്യമങ്ങളും അതിൽ പങ്കെടുക്കുകയും പരിപാടികളുടെ ഷെഡ്യൂളുകളടങ്ങിയ നോട്ടീസ് കൈപ്പറ്റിയതുമാണ്. സെപ്റ്റംബർ 30 വെള്ളിയാഴ്ച ഡി രാജ പങ്കെടുക്കുന്ന ഒരു പരിപാടി പോലും ആ നോട്ടീസിലില്ല. ഇന്നലെ നടന്ന ഏതെങ്കിലും പരിപാടിയിൽ ഡി രാജ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നോ?. പിന്നെ എന്തിനാണ് വസ്തുതാപരമല്ലാത്ത വാർത്തകൾ കെട്ടിച്ചമക്കുന്നതെന്ന്’ പ്രവർത്തകൻ കുറ്റപ്പെടുത്തി.
‘കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്റെ സമ്മേളനങ്ങൾ സംബന്ധിച്ച് കൃത്യമായ ധരണയുണ്ട്. ഇത് സമ്മേളനത്തിന്റെ തലേദിവസം തയ്യാറാക്കുന്ന ഷെഡ്യൂളുകൾ അല്ല. കമ്മ്യൂണസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃത്വം ഉൾപ്പെടെ കൂടിയാലോചന നടത്തി തയ്യാറാക്കുന്നതാണ് സംസ്ഥാന സമ്മേളനത്തിന്റെ ഷെഡ്യൂളുകൾ. സമ്മേളനവുമായി ബന്ധപ്പെട്ട് ഓരോ പാർട്ടി സഖാവിനും ഏതെല്ലാ ചുമതലകൾ നൽകണമെന്ന് പാർട്ടി നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനങ്ങൾ വച്ചുള്ള നോട്ടീസ് പത്രപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. പിന്നെ എന്തിനാണ് ഇത്തരം വ്യാജവാർത്തകൾ കെട്ടിചമക്കാൻ മലയാള മനോരമ ശ്രമിക്കുന്നതെന്ന്’ പ്രവർത്തകൻ ചോദിച്ചു.