എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാഡമി അംഗവുമായ എൻ അരുൺ സംവിധാനം ചെയ്ത അവകാശികൾ എന്ന സിനിമയുടെ ആദ്യ പ്രദർശനം മൂവാറ്റുപുഴ ലത സിനിമാസിൽ നടന്നു. വിദേശത്തുൾപ്പടെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾക്കു ശേഷം ഈ മാസം
ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന പ്രതിസന്ധികൾ കേരളത്തിന്റെയും ആസാമിന്റെയും ഗ്രാമീണ ജീവിതങ്ങളിലൂടെ ചിത്രം വ്യക്തമാക്കുന്നു. കേരളത്തിന്റെ ഗ്രാമീണ മതേതര മനസ്സുകളിൽ വർഗീയ വിഷം കലർത്താൻ ശ്രമിക്കുന്നവരെ പുരോഗമന കേരളം എങ്ങനെ നേരിടും എന്നതാണ് സിനിമയുടെ ഇതിവൃത്തം.
രാഷ്ട്രീയ പ്രബുദ്ധതയുടെ കാര്യത്തിലും ജനാധിപത്യ ബോധത്തിന്റെയും മതനിരപേഷതയുടെയും കാര്യത്തിലും കേരളം എങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് ചിത്രം വിശകലനം ചെയ്യുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കണ്ടുകൊണ്ട് കേരളത്തെ വിമർശിക്കുന്നവർക്കുള്ള മറുപടിയായിരിക്കും ഈ ചിത്രം.
പൗരത്വ അവകാശ നിയമം, വർഗ്ഗീയ രാഷ്ട്രീയം , അരാഷ്ട്രീയവാദം , തൊഴിൽ ചൂഷണം തുടങ്ങിയ വർത്തമാനകാല ഇന്ത്യ നേരിടുന്ന വിഷയങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാൻ സിനിമയ്ക്കായിട്ടുണ്ട്.
ഇർഷാദ്, ടി ജി രവി, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ, ബേസിൽ പാമ , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖിൽ എ ആർ.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും മുൻ എംഎൽഎ എൽദോ എബ്രഹാം, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.