കവിത-ബഷീര്‍ മൂളിവയല്‍
രാവിലെ ജോലിക്ക് പോകുമ്പോഴും
വൈകുന്നേരം തിരിച്ചു വരുമ്പോഴും
ആ ചുമര്‍ ചിത്രങ്ങളെന്റെ കണ്‍കുളിര്‍പ്പിക്കുന്നു!
ഒരാഴ്ച്ചയിലധികമായിട്ടില്ല ഇതുവഴി
പുതിയ പണിസ്ഥലത്തേക്കുള്ള യാത്ര തുടങ്ങിയിട്ട്
അന്ന് മുതലെന്നില്‍ പറഞ്ഞറിയിക്കാനാകാത്ത
സന്തോഷം നിറയ്ക്കാന്‍ വയ്ക്കാകുന്നു
പത്തിരുപത് മിനുറ്റ് സഞ്ചാരദൂരമുള്ള മതിലില്‍ നിറയെ
ഈ പ്രപഞ്ചത്തിന്റെ മനോഹാരിത
ഇത്ര ഭംഗിയായി കോറിയിട്ടതാരായിരിക്കും!
ചിത്രത്തിലെ പെണ്‍കുട്ടിക്ക്
എന്തൊരു സൗന്ദര്യം
അത്ര സുന്ദരിയായ ഒരുവളെ
ജീവിതത്തില്‍ കാണാനായിട്ടില്ല!
വീടിനും, ഉദ്യാനത്തിനുമുള്ള അഴകും
അങ്ങാടിയിലെ തിരക്കിലും
മനുഷ്യരുടെ മുഖത്ത് സ്ഫുരിക്കുന്ന ശാന്തതയും
പരസ്പരമാലിംഗനം ചെയ്യുന്നവരുടെ
കണ്ണില്‍ കാണുന്ന സ്‌നേഹവും
കടപ്പുറത്തു പരസ്പരം നോക്കി നില്‍ക്കുന്ന
കമിതാക്കളുടെ പ്രണയവും!
ഒഴുകിവരുന്ന പുഴയുടെ തെളിര്‍മ
പച്ചപ്പില്‍ മേയുന്ന മാനുകളുടെയും
മുയലുകളുടെയും സമാധാനം !
ആകാശത്തേക്ക് തുറന്നിട്ട കൂടുകളില്‍നിന്ന്
പറന്നു പോകുന്ന കിളികളുടെ സന്തോഷം,
നീല രാവില്‍ പുഴയിലേക്കെത്തി നോക്കുന്ന
ചന്ദ്രികയുടെ തരളിത ഭാവം!
ചുമര്‍ ചിത്രങ്ങള്‍ കണ്‍ നിറയെ കണ്ടാസ്വദിക്കാന്‍
ഒരു ഒഴിവുദിനം അവിടേക്കുചെന്നു
ഇത്ര മനോഹരമായ ചിത്രങ്ങള്‍ ഹ മതിലില്‍ വരച്ചു വച്ചതാരാണ്?
ക്ഷീണമകറ്റാന്‍ പാനീയം കുടിക്കാനിരുന്ന
കടക്കാരനോട് ചോദിച്ചു
വരച്ചയാളെ ആരും കണ്ടിട്ടില്ല
ഓരോ രാത്രിയിലും ഓരോ ചിത്രങ്ങള്‍
മതിലില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു!
മതിലിന്റെ ഉടമസ്ഥന്‍ ആരെയെങ്കിലും
വരക്കാന്‍ ഏല്‍പ്പിച്ചതായിരിക്കില്ലേ?
പൊതുശ്മശാനത്തിന്റെ മതിലാണിത്
കാവല്‍ക്കാരന്‍ ഉറക്കമൊഴിച്ചിരുന്നിട്ടും
ചിത്രകാരനെ കണ്ടെത്താനായില്ല
മരിച്ചു പോയ ഏതോ ചിത്രകാരന്‍ വരച്ചു വെച്ചതാകാം!
ശരിയായിരിക്കും
സൂക്ഷിച്ചുനോക്കിയാലറിയാം നഷ്ടപ്പെട്ട ഒരാള്‍ക്കെല്ലാതെ
ഇത്ര മനോഹരമായി ജീവിതം വരയ്ക്കാന്‍ കഴിയില്ല.