പാലക്കാട്: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വേർപാടിൽ എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാലക്കാട് ധോണി സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹക്കീം. സുക്മ ജില്ലയിൽ ഇന്നലെ വൈകിട്ടോടെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ദബ്ബകൊണ്ട ഏരിയയിൽ രണ്ട് മാസം മുമ്പാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്. ജില്ലാ റിസർവ് ഗാർഡ്, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവരും സിആർപിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിനു ശേഷം മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. 2007 ലാണ് ഹക്കീം ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുൻപ് നാട്ടിൽ വന്നിരുന്നു. സിആർപിഎഫിൽ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോൺസ്റ്റബിൾ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. ജനുവരിയിൽ നാട്ടിൽ വരാനിരിക്കെയാണ് ഹക്കിം കൊല്ലപ്പെടുന്നത്. മുഹമ്മദ് ഹക്കിമിന്റെ വീരമൃത്യുവിൽ മലമ്പുഴ മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
ഇന്ന് ഉച്ചക്ക് 1.30 ന് കോയമ്പത്തൂരിലെത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് 7 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 9 – ന് ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.