മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ പ്രതിയായ സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിന്റെ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവെച്ച യുവാവിനു നേരെ വധഭീഷണി. സംഭവത്തിൽ മണക്കാട് സ്വദേശി ലക്ഷ്മണിന്റെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു.
21-ാം തീയതി ഉച്ചയ്ക്കാണ് ഫോണിലേക്ക് രണ്ടു നമ്പറിൽ നിന്ന് കോൾ വന്നിരുന്നെന്നും തന്നെയും തന്റെ കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിൽ പറയുന്നു. മൊബൈൽ നമ്പറിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടക്കുന്നത്. വധഭീഷണി ഉയർത്തിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ കരമന പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ. ശാന്തിവിള സ്വദേശി മധുസൂദനന്റെ പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയത്.