Friday, November 22, 2024
spot_imgspot_img
HomeOpinionപ്രകടന പത്രികകളും തൊഴിലാളികളും!

പ്രകടന പത്രികകളും തൊഴിലാളികളും!

വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന പ്രകടന പത്രിക പുറത്തിറക്കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങൾക്കപ്പുറം തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനോ തൊഴിൽ മേഖലയിലെ സമൂല വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോ ബിജെപി യുടെ പ്രകടന പത്രിക തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കല്പ് പത്ര’ യിലൂടെ നാളെയുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുവേണ്ടി ഭാരതത്തിലെ യുവത്വത്തിന് തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുമെന്ന് വാഗ്ദാനം നൽകിയവർ തൊഴിലില്ലായ്മ സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ പുറത്തു വരാതിരിക്കാൻ ഭരണ കാലയളവിൽ കാണിച്ച വ്യഗ്രതയും തൊഴിലാളിവർഗത്തിന്റെ സാമൂഹ്യ -തൊഴിൽ സാഹചര്യങ്ങളിൽ മുതലാളിത്ത നയങ്ങളെ നിരന്തരമായി അടിച്ചേല്പിച്ചു കൊണ്ട് നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങളും രാജ്യം മറന്നിട്ടില്ല.

തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും നിരന്തരം അട്ടിമറിക്കുന്ന സമീപനവും സ്വീകരിക്കുകയുണ്ടായി ഭരണ കാലയളവിൽ മോദി സർക്കാർ. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്നുപറഞ്ഞ് അധികാരത്തിലെത്തിയവരുടെ ഭരണത്തിൽ 2014 ന് ശേഷം തൊഴിലെടുക്കുന്നവരുടെ എണ്ണം 2021 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 6 കോടിയിലേറെ കുറയുകയാണുണ്ടായത്. അതേസമയം തൊഴിലെടുക്കാൻ സാധ്യമായവരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഇക്കാലയളവിൽ ഉയരുകയും ചെയ്തു. രാജ്യത്തെ 39% പേർ അതായത് 45 കോടി കോടി ആളുകൾ തൊഴിൽ തേടി രാജ്യം മുഴുവൻ അലയുകയാണ്.

2018-20 കാലയളവിൽ തൊഴിലില്ലായ്മ നിമിത്തം രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം 9140 ആണ്. 2020 ൽ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണമാകട്ടെ 3548. 25 വയസ്സിൽ താഴെയുള്ള 43% ബിരുദ ധാരികളും രാജ്യത്ത് തൊഴിൽ രഹിതരാണെന്നും രാജ്യത്താകമാനം 32.06% ആളുകൾ ഒരു തൊഴിലും ഇല്ലാത്തവരാണെന്നും വിവിധ സർവേകൾ വ്യക്തമാക്കുന്നു.

തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനം ആയി കുറയുന്ന സ്ഥിതി വിശേഷം സംജാതമായി. എട്ടുവർഷംകൊണ്ട് (2014-–2022) കേന്ദ്ര ഗവൺമെന്റ് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികകളിൽ നിയമനം മരവിപ്പിച്ചു. റെയിൽവേയിൽ മാത്രം മൂന്നര ലക്ഷത്തിലേറെ ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്.

പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റും (ഐഎച്ച്‌ഡി) പ്രസിദ്ധീകരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ടനുസരിച്ച് തൊഴിൽ രഹിതരിൽ കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പങ്ക് 2000-ൽ 35.2% ആയിരുന്നത് 2022-ൽ 65.7% ആയെന്നാണ് കണക്ക്.

കോൺഗ്രസാകട്ടെ തൊഴിലില്ലായ്മ പരിഹാര വാഗ്ദാനം നൽകുന്ന ‘ന്യായ് പത്രി’ലൂടെ തൊഴിൽ രഹിതരുടെ കണ്ണീരൊപ്പുമെന്ന പ്രഖ്യാപനം നടത്തുന്നുവെങ്കിലും ആഗോളവത്കരണ നവ ഉദാരവത്കരണ നയങ്ങൾക്ക് തുടക്കം കുറിച്ച് സ്ഥിരം തൊഴിൽ വ്യവസ്ഥ രാജ്യത്ത് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം തങ്ങൾക്ക് തന്നെയാണെന്നത് വിസ്മരിക്കുകയാണ്. സർക്കാർ–പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങളുടെ നിർമ്മാർജ്ജനവും കേന്ദ്രസർക്കാർ ജോലിയിലെ 50 ശതമാനം വനിത സംവരണവുമെല്ലാം അക്കമിട്ട് നിരത്തുന്നുവെങ്കിലും നവ ലിബറൽ നയങ്ങളിലൂന്നിയുള്ള കോൺഗ്രസിന്റെ ഇന്നലെകളുടെ ചരിത്രം പഠന വിധേയമാക്കുമ്പോൾ പ്രകടന പത്രിക വാഗ്ദാനങ്ങൾ കേവല പ്രഹസനങ്ങൾ ആകുമെന്ന കാര്യത്തിൽ തർക്കമില്ല. തന്നെയുമല്ല ബിജെപിക്ക് സമാനമായി തൊഴിലാളി വർഗ്ഗത്തെ ശിഥിലമാക്കുന്ന തൊഴിൽ നിയമങ്ങളുടെ ഉന്മൂലനത്തെ പറ്റിയും പ്രകടന പത്രികയിൽ തികഞ്ഞ മൗനം അവലംബിക്കുന്നു കോൺഗ്രസ്‌.

തൊഴിലാളികളുടെയും അധ:സ്ഥിത ജന സമൂഹത്തിന്റെയും അവകാശങ്ങളെ കവർന്നെടുക്കുന്ന ആഗോള വത്കരണ നയങ്ങൾക്കെതിരിലുള്ള നയങ്ങളാണ് ഇടത് പക്ഷം പ്രകടന പത്രികയിൽ മുന്നോട്ട് വെക്കുന്നത്. സി പി ഐ യുടെയും സി പി എമ്മിന്റെയും പ്രകടന പത്രികകൾ തൊഴിലില്ലായ്മക്കും സ്വകാര്യ വത്കരണത്തിനും വികല തൊഴിൽ നയങ്ങൾക്കുമെതിരായ നിലപാടുകളെ അവതരിപ്പിക്കുന്നുണ്ട്.
തൊഴിലാളികൾക്ക് നേരെയുള്ള വർഗ്ഗപരമായ കടന്നു കയറ്റത്തിന്നെതിരായ പോരാട്ടവും സാമ്രാജ്യത്വ ആഗോള വത്കരണ നയങ്ങളുടെ മറവിലെ ജനദ്രോഹ നടപടികളോടുള്ള ചെറുത്തു നില്പും അതിലുൾപെടുന്നു.

ഒന്നാം യു.പി.എ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയ വേളയിലാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. രണ്ടാം യു.പി.എ സർക്കാർ അധികാരത്തിലെത്തുന്നതിന് തൊഴിലുറപ്പ് പദ്ധതി മുഖാന്തരമാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. നവലിബറലിസത്തിൻറെയും വർഗീയ വിധ്വംസക ശക്തികളുടെയും ഹിഡൻ അജണ്ടകൾക്കെതിരിൽ പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് തൊഴിലാളി വർഗത്തിനനുകൂലമാംവിധമുള്ള നയ രൂപീകരണത്തിന്നാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്നും പ്രാമുഖ്യം നൽകുന്നത്!

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares