60 ദിവസത്തിൽ അധികമായി ഒരു സംസ്ഥാന കത്തുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ. പക്ഷേ, അന്നാട്ടിൽ നിന്നു കലാപത്തിന്റെ എത്ര വാർത്തകൾ പുറത്തുവരുന്നു? നമ്മുടെ മാധ്യമങ്ങൾ എന്തു ചെയ്യുകയാണ്?
സംഘപരിവാറിന്റെയും ബിജെപിയുടെയും കുഴലൂത്തുകാരാണ് നമ്മുടെ ദേശീയ മാധ്യമങ്ങൾ. ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഒരു വാർത്തയും ദേശീയ മാധ്യമങ്ങളിലോ ചാനലുകളിലോ പ്രത്യക്ഷപ്പെടില്ലെന്ന വസ്തുത, ചുരുങ്ങിയപക്ഷം മലയാളികൾക്കെങ്കിലും അറിയാം.
പക്ഷേ, ഈ മൗനം, ഈ അവഗണന സഹിക്കാൻ കഴിയുന്നതാണോ? പൊതുവേ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാത്ത സംസ്ഥാനങ്ങളാണ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ. ഇന്ത്യൻ മുഖ്യധാര മാധ്യമങ്ങളുടെ ശ്രദ്ധ അവിടേക്ക് എത്തണമെന്നുണ്ടെങ്കിൽ തെരഞ്ഞെടുപ്പ വരണമെന്ന് നോർത്ത് ഈസ്റ്റ് ജനത സ്ഥിരമായി പറയുന്ന വസ്തുതയാണ്. എന്നാൽ തെരഞ്ഞെടുപ്പിനും മുകളിൽ മാധ്യമ ശ്രദ്ധ ലഭിക്കേണ്ട ഒരു വിഷയം മണിപ്പൂരിൽ അരങ്ങേറുമ്പോൾ, മാധ്യമങ്ങൾ മൗനത്തിലാണ്ടിരിക്കുന്നത് ആ ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.
മണിപ്പൂരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ എന്തെല്ലാമാണ്? തലയ്ക്ക് വെടിയേറ്റ് കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ അമ്മയെ ആംബുലൻസിലിട്ട് ചുട്ടുകൊന്നതിന്റെ, ഗ്രാമത്തിന് കാവൽ നിന്ന മനുഷ്യരെ വെടിവെച്ചു കൊന്നതിന്റെ, വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ അമ്മയുടെ മുന്നിലിട്ട് വെടിവെച്ചു കൊന്നതിന്റെ വാർത്തകൾ നിങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടുവോ? ഉത്തരം ഇല്ലെന്നായിരിക്കും. ഇവയെല്ലാം നാം വായിച്ചത് സമാന്തര മാധ്യമങ്ങളെന്ന് വിളിക്കപ്പെടുന്ന ഓൺലൈൻ പോർട്ടലുകളിലൂടെയാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചപ്പോൾ മാത്രമാണ് മുഖ്യധാര ടെലിവിഷൻ ചാനലുകൾ ചില മണിക്കൂറുകളിലേക്കെങ്കിലും മണിപ്പൂരിലേക്ക് ക്യാമറ തിരിച്ചു വച്ചത്.
മണിപ്പൂരിലെ അവസ്ഥ നിരന്തരം റിപ്പോർട്ട് ചെയ്യേണ്ട, രാജ്യത്തെ ജനതയ്ക്ക് മുന്നിൽ ചർച്ചയ്ക്ക് വെയ്‌ക്കേണ്ട മാധ്യമങ്ങൾ, നരേന്ദ്ര മോദി അമേരിക്കയിൽ ചായ കുടിച്ചതിന്റെ വാർത്തകൾ കൊണ്ടു നിറയ്ക്കുകയായിരുന്നു കലാപം ഏറ്റവും കൂടുതൽ രൂക്ഷമായ ദിനങ്ങളിൽ. മാധ്യമങ്ങളുടെ സംഘപരിവാർ വിധേയത്വം എത്രമാത്രമുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണ് കടന്നുപോകുന്നത്.