ഗുവാഹത്തി: മണിപ്പൂരിൽ സ്‌കൂൾ അധ്യാപികയെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചു. ജിരിബാം ജില്ലയിൽ ഹമർ സമുദായത്തിൽപ്പെട്ട സ്‌കൂൾ അധ്യാപികയെ ആണ് കലാപകാരികൾ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടെരിച്ചത്. സോസാങ്കിം (31) എന്ന യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പ്രാദേശിക സംഘടനകൾ കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുക്കി-സോ കമ്മ്യൂണിറ്റികളുമായി ഹമർ വംശീയമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആക്രമണത്തിന് പിന്നിൽ മെയ്തി വിഭാഗമാണെന്ന് കുക്കി വിഭാഗം ആരോപിച്ചു. ഇരയുടെ ഭർത്താവ് എൻഗുർത്തൻസാങ് പറയുന്നത് വെള്ളിയാഴ്ച രാത്രി 9 മണിയോടെ അവരുടെ വസതിയിൽ വച്ച് സായുധ സംഘമായ മെയ്തി വിഭാഗം സോസാങ്കിമിനെ ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നാണ്. ജിരിബാം പൊലീസ് സൂപ്രണ്ട് തയാറാക്കിയ എഫ്ഐആറിലും ഇത് തന്നെയാണ് പരാമർശിക്കുന്നത്.
യുവതിയുടെ കാലുകളിൽ ആയുധധാരികൾ വെടിയുതിർത്തതായി ഫെർജാൽ, ജിരിബാം ജില്ലയിലെ തദ്ദേശീയ ഗോത്രവർഗ അഭിഭാഷക സമിതി ഒരു പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് മണിപ്പൂർ പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം അയൽ സംസ്ഥാനമായ അസമിലെ സിൽച്ചാറിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് പി ജിരിബാം ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചിട്ടുണ്ട്.
ജിരിബാമിലെ ആശുപത്രിയിൽ ഫോറൻസിക് മെഡിസിൻ സൗകര്യമില്ലെന്നും മെയ്തികളും കുക്കികളും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ടുപോകുന്നത് ഉചിതമല്ലെന്നും എസ്.പി പറഞ്ഞു. ഹെർമോൺ ഡ്യൂ ഇംഗ്ലീഷ് ജൂനിയർ ഹൈസ്‌കൂളിലെ അധ്യാപികയാണ് കൊല്ലപ്പെട്ടത്.