കാർത്തിക
തുടരുന്ന ബലാത്സംഗങ്ങള്‍, കൊലപാതങ്ങള്‍. അടങ്ങാത്ത കണ്ണീരോടെ, നിരന്തരം സമരം ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ നാടാണ് മണിപ്പൂര്‍. കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രക്തരൂക്ഷിത പോരാട്ടങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് മണിപ്പൂര്‍. അന്തമില്ലാത്ത വംശീയ വിദ്വേഷത്തിന്റെ വിളനിലം. സമാധാനത്തിന് വേണ്ടി നഗ്നരായി തെരിവിലിറങ്ങി സമരം ചെയ്യേണ്ടിവന്ന ഗതികെട്ട അമ്മമാരുള്ള നാട്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല മണിപ്പൂരിലെ സ്ത്രീകളുടെ പോരാട്ടങ്ങള്‍. ഇനി പറയാന്‍ പോകുന്നത്, വംശീയ വെറിയാല്‍ നശിപ്പിച്ചു കളഞ്ഞ മണിപ്പൂര്‍ സ്ത്രീ ജീവിതങ്ങളെ കുറിച്ച് മാത്രമല്ല, മറിച്ച്, അഫ്‌സ്പയെന്ന കിരാത പട്ടാള നിയമത്തിന്റെ കീഴില്‍, ചീന്തിയെറിയപ്പെട്ട സ്ത്രീകളുടെ കൂടെ കഥയാണ്.
2004ല്‍ പന്ത്രണ്ട് സ്ത്രീകള്‍ നഗ്നരായ് ‘സൈന്യം ഞങ്ങളെ ബലാത്സംഗം ചെയ്യുന്നു’ എന്ന ബാനറുമായി തെരുവിലിറങ്ങി.ഇംഫാലില്‍ നിന്ന് അസം റൈഫിള്‍സ് ആസ്ഥാനത്തേക്ക് ആയിരുന്നു ആ മാര്‍ച്ച്. അതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത പ്രതിഷേധം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിന് മുന്നില്‍ മാനമില്ലാതെ നിന്നു.
തങ്ക്ജം മനോരമയെന്ന 32കാരിയുടെ ബലാത്സംഗ കൊലപാതകമായിരുന്നു ഈ അസാധാരണ സമരത്തിന് വീട്ടമ്മമാരെ പ്രേരിപ്പിച്ചത്. 2004 ജൂലൈ 11ന് അര്‍ധരാത്രിയില്‍ അസം റൈഫിള്‍സിലെ സൈനികര്‍ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയ മനോരമയെ, മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ് വികൃതമായ നിലയില്‍ വഴിയരികില്‍ കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിന് ഇരയായതിന്റെ പാടുകളും മനോരമയുടെ ദേഹത്തുണ്ടായിരുന്നു.
ഇതാണ് സൈന്യത്തിന് എതിരെ നഗ്നരായി നടക്കാന്‍ മണിപ്പൂരിലെ അമ്മമാരെ പ്രേരിപ്പിച്ചത്. 2004നു മുന്‍പും ശേഷവും മണിപ്പൂരിലെ അമ്മമാര്‍ നിരന്തരം തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തി, നടത്തുന്നു. മണിപ്പൂര്‍ വീണ്ടും കത്തുകയാണ്, ആ കത്തലില്‍ മക്കളെ നഷ്ടപ്പെട്ട, ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ട, ക്രൂര ബലാത്സംഗങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തെരുവുകളില്‍ നില്‍ക്കുന്നു, അവര്‍ ആവശ്യപ്പെടുന്നത് മണിപ്പൂരിലേക്ക് നോക്കൂ, ഞങ്ങളുടെ ചോര കാണൂ എന്നാണ്… വീണ്ടും മണിപ്പൂരി സ്ത്രീകള്‍ നഗ്നരായി നടന്നാല്‍ മാത്രമേ രാജ്യം മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കുള്ളു എന്നാണോ…