മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കൗത്രക് മേഖലയിലുണ്ടായ വെടിവെയ്പിലാണ് പൊലീസുകാരൻ കൊല്ലപ്പെട്ടത്.ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരുക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചു.
അതിനിടെ മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ അടുത്ത വെള്ളിയാഴ്ച ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിന് മുമ്പ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് ഇത് എതിരാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.
മണിപ്പൂര്‍ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഡിജിപിയോട് നേരിട്ട് ഹാജരായി അക്രമങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചരിക്കുന്നത്. ഇന്ന് രണ്ട് മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അവ്യക്തമാണെന്ന് പറഞ്ഞ കോടതി സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്കാരം ഹൈകോടതി തടഞ്ഞതിന് പിന്നാലെ വീണ്ടും സംഘര്‍ഷം ആരംഭിച്ചു. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കാങ്‌വായ് ജില്ലയുടെ അതിർത്തിയിൽ സംഘർഷമുണ്ടായത്.