സർ സിപിയുടെ ചോറ്റുപട്ടാളം താൻ പിറന്ന വയലാർ കുന്തിരിശ്ശേരി വീട് അഗ്നിക്കിരയാക്കുന്നത് കാണേണ്ടി വന്ന നിഷ്കളങ്ക ബാല്യം, അന്തിയുറങ്ങാനിടമില്ലാതെ അമ്മയുടെ നാടായ തൃപ്പൂണിത്തുറയിലേക്കു താമസം മാറി മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ചിറ്റൂർ ഗവ. കോളേജിൽ ചേർന്നു ഒടുവിൽ ഗോവ വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത് പഠനവും മുടങ്ങിയിട്ടും തളർന്നിരുന്നില്ല വിപ്ലവ വീര്യം!
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭജ്വാല പടർത്തിയ കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പൻ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വസ്തു നിഷ്ഠമായ പ്രയോഗത്തിന്റെ വ്യതിരിക്തമായ പാതയിലൂടെയുള്ള ധീരോജ്ജ്വലവും സമരതീക്ഷ്ണവുമായ ജീവിതത്തിന്റെ നേർ സാക്ഷ്യമായിരുന്നു. അദമ്യമായ വിപ്ലവാവേശവും ധൈഷണികാഭിനിവേശവും കർമോത്സുകതയും മുഖ മുദ്രയാക്കിയ സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പന്റെ ഓർമ്മ ദിനമാണിന്ന്.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ്, എഐവൈഎഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കവെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മാത്രമല്ല കേരളത്തിലെയും രാജ്യത്തെയും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ച നേതാവാണ് സഖാവ് സി കെ ചന്ദ്രപ്പൻ.
പാർലമെന്റേറിയൻ ആയിരിക്കെ 18 വയസ്സ് പ്രായമായവർക്ക് വോട്ടവകാശവും ‘തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം’ എന്ന ആവശ്യവും ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ ശബ്ദമായി മാറി സഖാവ്. പാർട്ടി കേരള ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറി ആയി പ്രവർത്തിക്കവെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിനായും കേരള സമൂഹത്തെ മാതൃകാപരമായി കെട്ടിപ്പടുക്കുന്നതിനായും പാർട്ടി തെളിച്ച പ്രക്ഷോഭങ്ങളുടെ പാതയിലൂടെ കൂടുതൽ ധീരതയോടെ മുന്നോട്ടുപോവുകയായിരുന്നു സി കെ.
ഇന്ത്യൻ ദർശനത്തിന്റെ വൈവിധ്യപൂർണ്ണമായ ധാരകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള തീവ്ര വർഗീയതയിലധിഷ്ഠിതമായ ഫാസിസ്റ്റ് നയങ്ങൾക്കെതിരിലുയർന്നു വരുന്ന ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിശാലമായ പോരാട്ടങ്ങൾക്ക് സഖാവ് സി കെ ചന്ദ്രപ്പന്റെ ത്യാഗോജ്ജ്വല ജീവിതം നമുക്ക് പ്രചോദനമേകും.