കർഷക, തൊഴിലാളി സമരങ്ങളുടെ ഉജ്ജ്വല ചരിത്രമുറങ്ങുന്ന വയലാറിന്റെ മണ്ണിൽ നിന്നും
വൈവിദ്ധ്യമാർന്ന ജീവിതാനുഭവങ്ങളുടെ മൂശയിൽ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട പോരാട്ട വീര്യമായിരുന്നു സഖാവ് സി കെ ചന്ദ്രപ്പന്റെ മുഖ മുദ്ര.
ബാല്യം മുതലേ അനീതിക്കെതിരെ ധീരമായ നിലപാടെടുക്കുന്ന പ്രകൃതമായിരുന്നു സഖാവിന്റേത്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ സഖാവ് സി കെ ചന്ദ്രപ്പൻ 1956 ൽ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും സഖാവ് പ്രവർത്തിച്ചു.
സഖാവ് സി കെ ദേശീയ ഭാരവാഹിയായിരുന്ന കാലയളവിലാണ്18 വയസ്സ് പ്രായമായവർക്കുള്ള വോട്ടവകാശവും ‘തൊഴിൽ അല്ലെങ്കിൽ തൊഴിൽ ഇല്ലായ്മ വേതന’മെന്ന മുദ്രാവാക്യവും എഐവൈഎഫ് ഉയർത്തിയത്.
മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.കെ. ചന്ദ്രപ്പൻ മികച്ച പാർലമെന്റേറിയനുമായിരുന്നു.
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡന്റുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം സഖാവിനെ തേടിയെത്തിയത്. അനാരോഗ്യം മൂലം സഖാവ് വെളിയം ഭാർഗവൻ സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് സഖാവ് സി കെ യെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത സഖാവ് നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി.
ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ ഭാഗമായി ഒട്ടനവധി തവണ അറസ്റ്റ് ചെയ്യപ്പെട്ട സി കെ ഡൽഹിയിലെ തീഹാർ ജയിലിലും, കൊൽക്കത്തയിലെ റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്.
മാർക്‌സിസ്റ്റ് – ലെനിനിസ്റ്റ് വീക്ഷണത്തിന് മാത്രമേ ജനങ്ങളെ സമസ്ത ചൂഷണങ്ങളിൽനിന്നും പാരതന്ത്ര്യങ്ങളിൽനിന്നും ആത്യന്തികമായി മോചിപ്പിക്കാനാവൂ എന്ന് എവിടെയും സമർത്ഥിച്ചിരുന്ന സഖാവ് പ്രത്യയശാസ്ത്ര പ്രശ്‌നങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നതിൽ എന്നും ബദ്ധശ്രദ്ധനായിരുന്നു. ഓരോ സഖാവും കഴിവിനൊത്ത് പ്രവർത്തിക്കുകയും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ പാർട്ടി ആവശ്യപ്പെടുന്ന രീതിയിൽ മുന്നോട്ട് പോവുകയും ചെയ്യണമെന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്ന സഖാവ് പ്രത്യയശാസ്‌ത്ര – ദാർശനിക വിഷയങ്ങളിലുള്ള ആശയസമരത്തെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയവും മുന്നേറ്റവും ജനങ്ങളെ ക്രിയാത്മകമായി നയിക്കാനുതകുംവിധം പാർട്ടി ശക്തിപ്പെടുകയും അതിനനുസൃതമായ കഴിവ് സഖാക്കൾ ആർജ്ജിച്ചെടുക്കുകയും ചെയ്യുകയാണെന്ന ഉത്തമ ബോധ്യമുണ്ടായിരുന്ന പ്രിയ സഖാവ് സി കെ ജീവിതാന്ത്യം വരെ വിപ്ലവത്തിന്റെ ജ്വാല കെടാതെ സൂക്ഷിച്ച ജനനേതാവുമായിരുന്നു. സഖാവ് സി കെ ചന്ദ്രപ്പന്റെ മാതൃകായോഗ്യമായ ജീവിതസമരവും പാഠങ്ങളും നമുക്ക് എന്നും ദീപ്തമായ വഴികാട്ടിയായിരിക്കും.