കൊച്ചി: ഹനീഫ് അദേനി സംവിധാനം ചെയ്ത് ടൈറ്റിൽ റോളിലാണ് ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിലെത്തിയ ചിത്രം മാർക്കോ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സി.ബി.എഫ്‍.സി) പ്രദർശനാനുമതി നിഷേധിച്ചത്.
ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സി.ബി.എഫ്‍.സി നിരസിച്ചു.യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ.റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.
മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. മലയാളികൾക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്.
ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ് മാർക്കോ. അതേസമയം കേരളത്തിൽ വർധിച്ച് വരുന്ന, യുവാക്കൾ പ്രതികളാവുന്ന ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ സിനിമകൾ ചെലുത്തുന്ന സ്വാധീനവും ചർച്ചയായിരുന്നു.ഇത്തരം ചർച്ചകളിൽ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാർക്കോ. ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ച സമയത്തും വയലൻസ് രംഗങ്ങളെ വിമർശിച്ചവർ ഉണ്ടായിരുന്നു.