ഇംഫാൽ: മണിപ്പൂരിൽ ആദിവാസി പ്രക്ഷോഭത്തെത്തുടർന്നുണ്ടായ അക്രമം രൂക്ഷമാകുന്നു. തലസ്ഥാനമായ ഇംഫാൽ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്കും നിരവധി ആരാധനാലയങ്ങൾക്കും അക്രമകാരികൾ തീവച്ചു. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അസം റൈഫിൾസിന്റെ കൂടുതൽ ഉദ്യോഗസ്ഥരെ സംഘർഷമേഖലയിലേക്ക് അയച്ചു. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. അക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 4,000 പേരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ ഇൻറർനെറ്റ് നിരോധനം നീട്ടി.
അതേസമയം ദേശീയ ബോക്സിങ് താരം മേരി കോം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ സഹായിക്കണമെന്ന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ ചിത്രം പങ്കുവച്ചാണ് മേരി കോം വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. “എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ,” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ട്വീറ്റിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്.
ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് പിന്നാലെയാണ് ചുരാചന്ദ്പൂർ ജില്ലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗോത്രവർഗക്കാർ കൂടുതലുള്ള ചുരാകുന്നുചന്ദ്പൂർ, കാങ്‌പോക്പി, തെങ്‌നൗപാൽ തുടങ്ങിയ എട്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ആദിവാസി പ്രാതിനിധ്യം കുറഞ്ഞ ഇംഫാൽ വെസ്റ്റ്, കാക്‌ചിംഗ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ തുടങ്ങിയ ജില്ലകളും ഇതിൽപ്പെടുന്നു.