ആർ അജയൻ
ലോകമെങ്ങുമുളള തൊഴിലാളിവർഗ്ഗം ആവേശപൂർവ്വം ആഘോഷിക്കുന്ന മെയ്ദിനത്തിന് സമാനമായ മറ്റൊന്ന് ചരിത്രത്തിലില്ലെന്ന് തന്നെ പറയാം. മൗലികാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി തൊഴിലാളിവർഗ്ഗം നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടത്തിനിടയിൽ ഹൃദയരക്തം ചൊരിഞ്ഞ രക്തസാക്ഷികളുടെ വീരസ്മരണകൾ ഇരമ്പുന്ന ദിനമാണിത്. അതോടൊപ്പം ലോകതൊഴിലാളിവർഗ്ഗം നേടിയെടുത്ത മഹത്തായ അവകാശങ്ങളുടെ ചരിത്രവുമാണ് മെയ്ദിനം. 1889 -ൽ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടേയും തൊഴിലാളി യൂണിയനുകളുടേയും ഒരു സാർവദേശീയ സംഘടന മെയ് 1 ലോകതൊഴിലാളി ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തു. അങ്ങനെ 1890 മെയ് 1 ന് ലോകതൊഴിലാളിവർഗ്ഗം ചരിത്രത്തിലെ ആദ്യത്തെ മെയ് ദിനമാചരിച്ചു.
എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന മഹത്തായ മുദ്രാവാക്യം ലോക തൊഴിലാളിവർഗ്ഗത്തിന്റെ ചിരകാല ആവശ്യമായിരുന്നു. ഈ അടിസ്ഥാന അവകാശമായിരുന്നു ഇതുവരെയുളള മെയ്ദിനാഘോഷത്തിൽ മുഴങ്ങി കേട്ടത്.
1886 – ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹെയ് മാർക്കറ്റ് കൂട്ടക്കൊലയാണ് മെയ് ദിനാചരണത്തിന് നിദാനമായ സംഭവം. മെയ് 3 ന് ചിക്കാഗോയിൽ തൊഴിലാളികളും പോലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 2 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിക്കാനാണ് ഹെയ് മാർക്കറ്റ് സ്‌ക്വയറിൽ തൊഴിലാളികൾ സമ്മേളിച്ചത്. 1886 -മെയ് നാലിന് അമേരിക്കയിലെ ചിക്കാഗോയിലെ ഹെയ് മാർക്കറ്റ് സ്‌ക്വയറിൽ നടന്ന ബോംബാക്രമണവും തുടർന്ന് നടന്ന വെടിവയ്പും കോടതിവിചാരണകളും ശിക്ഷകളുമാണ് മെയ് ദിനാചരണത്തിന്റെ നിർണ്ണായകമായ ചരിത്രപശ്ചാത്തലം. ‘എട്ടു മണിക്കൂർ ജോലി’ എന്ന മുദ്രാവാക്യമുയർത്തി ഹെയ് മാർക്കറ്റ് സ്‌ക്വയറിൽ നടന്ന തൊഴിലാളികളുടെ പ്രകടനത്തിനു നേരെ പോലീസ് ഏജന്റായ ഒരാൾ ബോംബെറിഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പോലീസ് നിലയുറപ്പിച്ച സ്ഥലത്താണ് ബോംബ് വന്നു വീണത്. സമാധാനപരമായി നടന്ന തൊഴിലാളികളുടെ റാലിക്കു നേരെ പോലീസ് വെടിയുതിർക്കുകയും ഹെയ് മാർക്കറ്റിലെ സംഘർഷാവസ്ഥ 6 തൊഴിലാളികളുടെ ദാരുണമായ അന്ത്യത്തിൽ കലാശിക്കുകയും സംഭവാനന്തരം തൊഴിലാളിവർഗ്ഗം പൊതുപണിമുടക്കിനും പ്രതിഷേധ പ്രകടനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തു. തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങൾക്ക് നേതൃത്യം നൽകിയ അഗസ്ത് സ്‌പൈസ് (Spies), ജോർജ് എംഗൽ, അഡോൾഫ് ഫിഷർ, ആൽബർട്ട് പാർസൻസ്, ഓഗസ്റ്റ് സ്‌പൈസ് എന്നിവരെ (George Engel, Adolph Fisher, Albert Parsons) വിചാരണാനന്തരം 1887 നവംബർ 11 ന് തൂക്കിക്കൊന്നു.
ഹെയ് മാർക്കറ്റ് കൂട്ടക്കൊലയ്ക്ക് ശേഷം തൊഴിലാളി വർഗ്ഗത്തിന്റെ രക്തസാക്ഷിത്വത്താൽ രക്താഭിഷിക്തമായ ചിക്കാഗോ നഗരം ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു. 1890 ൽ നടന്ന ചരിത്രത്തിലെ ആദ്യത്തെ മെയ് ദിനാഘോഷത്തിൽ കാനഡാ, ചിക്കാഗോ, അമേരിക്ക എന്നിവിടങ്ങളിലെ തൊഴിലാളികളെല്ലാം ഒരൊറ്റ മനുഷ്യനെപ്പോലെ ഉണർന്നെണീറ്റ് ഉശിരൻ സമരജ്വാലയായ് മാറുകയും തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവപതാകയായ് ചെങ്കൊടി നാടെങ്ങും ഉയർത്തുകയും ചെയ്തു. 1893 ജൂൺ 25 ഹെയ് മാർക്കറ്റിൽ ധീര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പൊതു ശ്മശാനത്തിൽ രക്തസാക്ഷി സ്മാരകം ഉയർത്തുകയും ചെയ്തു.
മെയ്ദിനാഘോഷത്തിന്റെ ചരിത്രത്തിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് അനിഷേധ്യമായ പങ്കു വഹിക്കാൻ കഴിഞ്ഞുവെന്നത് ഈയവസരത്തിൽ അവിസ്മരണീയമാണ്. ഇന്ത്യയിലെ ആദ്യ മെയ് ദിനാഘോഷം സംഘടിപ്പിച്ചത് മദ്രാസില്‍ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ (മെയ് 1, 1923) ആയിരുന്നു. ഇന്ത്യയിലാദ്യമായി ചെങ്കൊടി ഉയർന്നതും അന്നാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റേയും ചരിത്രത്തിലെ വർണാഭമായ അധ്യായമായിരുന്നു അത്.
ലോക തൊഴിലാളി വർഗ്ഗത്തിന് ദാർശനികവും സംഘടനാപരവുമായ നേതൃത്വം നൽകിയ കാൾമാർക്‌സും എംഗൽസും തൊഴിലാളിവർഗ്ഗത്തിന്റെ ജീവിതാവസ്ഥയെ ആഴത്തിൽ വിശകലനം ചെയ്യുകയുണ്ടായി.
കാൾമാർക്സ് ഇങ്ങനെ എഴുതുന്നു;
“മൂലധനം” അതിവേഗത്തിൽ വളരുന്നത് ലാഭം അതിവേഗത്തിൽ വളരുന്നതിനു സമമാണ്. അധ്വാനത്തിന്റെ വില, സാപേക്ഷ കൂലി, അതിവേഗത്തിൽ കുറഞ്ഞാൽ മാത്രമേ, ലാഭം അത്ര തന്നെ വേഗത്തിൽ വർദ്ധിക്കുകയുള്ളൂ. പണമായി കിട്ടുന്ന കൂലിയോടൊപ്പവും അദ്ധ്വാനത്തിന്റെ പണമൂല്യത്തോടൊപ്പവും യഥാർത്ഥകൂലി കുറയുവാനിടയുണ്ട്. ലാഭത്തോടൊപ്പം അതേ അനുപാതത്തിൽ പണമായി കിട്ടുന്ന കൂലിയും വർദ്ധിക്കുന്നില്ലെങ്കിൽ, ഉദാഹരണത്തിന്, ബിസിനസ്സ് നന്നായിരിക്കുമ്പോൾ കൂലി അഞ്ചു ശതമാനവും അതേ സമയം ലാഭം മുപ്പത് ശതമാനവും വർദ്ധിക്കുകയാണെങ്കിൽ, താരതമ്യേനയുളള സാപേക്ഷമായ കൂലി വർദ്ധിച്ചിട്ടില്ല, നേരെ മറിച്ച് കുറയുകയാണ് ചെയ്തിട്ടുളളത്.
അങ്ങനെ , മൂലധനത്തിന്റെ സത്വരവളർച്ചയോടൊപ്പം തൊഴിലാളിയുടെ വരുമാനവും വർദ്ധിക്കുന്നുണ്ടെങ്കിൽ പോലും, തൊഴിലാളിയെ മുതലാളിയിൽ നിന്നും വേർതിരിക്കുന്ന സാമൂഹികമായ വിടവ് അതേ സമയം വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതു പോലെ അധ്വാനത്തിന്റെ മേൽ മൂലധനത്തിന്റെ ആധിപത്യവും മൂലധനത്തിന്റെ മേൽ അധ്വാനത്തിന്റെ ആശ്രിതത്വവും വർദ്ധിക്കുന്നു”(മാർക്സ്, ഏംഗൽസ്; തിരഞ്ഞെടുത്ത കൃതികൾ, പേജ് : 229 – പ്രഭാത് ബുക്ക് ഹൗസ്)
മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ തൊഴിലാളികൾക്ക് അവരുടെ അധ്വാനശക്തിയുടെ യഥാർത്ഥ പ്രതിഫലം ലഭിക്കുകയില്ല എന്നു മാത്രമല്ല മുതലാളിത്ത വികാസത്തിനാനുപാതികമായി തൊഴിലാളികളും മുതലാളിത്തവും തമ്മിലുളള സാമൂഹിക വൈരുദ്ധ്യം മൂർച്ഛിക്കുന്നുവെന്നുമാണ് മാർക്സ് പ്രവചനാത്മകമായി വിലയിരുത്തുന്നത്.
മാർക്സിനെ പിന്തുടർന്നു കൊണ്ട് ഏംഗൽസും പത്തൊമ്പതാം നൂറ്റാണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതാവസ്ഥയെ ഹൃദയവർജ്ജകമായി രേഖപ്പെടുത്തുന്നുണ്ട്. “ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി” എന്ന ഏംഗൽസിന്റെ വിഖ്യാത കൃതി മുതലാളിത്തത്തിന്റെ കൊടിയ ചൂഷണത്തിനെതിരായ തൊഴിലാളി വർഗ്ഗത്തിന്റെ നേർചിത്രമാണ് വരച്ചു വയ്ക്കുന്നത്. വൃത്തിയും വെടിപ്പും ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാത്ത ചേരികളിലെ ഇരുട്ടറകളിൽ 12 മണിക്കൂർ മുതൽ 16 മണിക്കൂർ വരെ ശ്വാസംമുട്ടി നരകയാതന അനുഭവിച്ചവരായിരുന്നു മുതലാളിത്ത ത്തിന്റെ ശൈശവദശയിലെ തൊഴിലാളിവർഗ്ഗം. കുട്ടികളെക്കൊണ്ടും സ്ത്രീകളെക്കൊണ്ടും കഠിനമായ ജോലി ചെയ്യിപ്പിച്ചിരുന്ന അക്കാലത്ത് തൊഴിലാളി വർഗ്ഗത്തിന് സഹായകമായ നിയമനിർമ്മാണങ്ങളൊന്നുമുണ്ടായിരുന്നില്ല. മുതലാളിത്തം തൊഴിലാളി വർഗ്ഗത്തെ മാത്രമല്ല പ്രകൃതിയേയും പരിസ്ഥിതിയേയും മണ്ണിന്റെ ജൈവബലതന്ത്രത്തെയും എങ്ങനെ തകർക്കുന്നുവെന്ന് മാർക്സ് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
അങ്ങനെ നിർദ്ദയമായ ചൂഷണങ്ങൾക്കെതിരെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇംഗ്ലണ്ടിലെ ചാർട്ടിസ്റ്റു പ്രസ്ഥാനം, ജർമ്മനിയിലെ സൈലേഷ്യൻ നെയ്ത്ത് തൊഴിലാളി പ്രസ്ഥാനം, ലൂസിഫിസ്റ്ററ്റ് പ്രസ്ഥാനം, 1848 -ലെ തൊഴിലാളി കലാപങ്ങൾ എന്നിവയെല്ലാം അതിരൂക്ഷമായ തൊഴിലാളി വർഗ്ഗ പ്രക്ഷോഭങ്ങളായിരുന്നു. ഫെനിയൻ പ്രസ്ഥാനം (Fenian Movement) , കോഓപ്പറേറ്റീവ് പ്രസ്ഥാനം, 1871 -ലെ പാരീസ് കമ്മ്യൂൺ തുടങ്ങിയവയെല്ലാം ലോക തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയമായ ഉയിർപ്പിന്റെ ആദ്യാങ്കുരങ്ങൾ ആയിരുന്നു. കമ്മ്യൂണിസ്റ്റ് ലീഗും, ഒന്നാം ഇന്റർനാഷണലും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് കരുത്തേകി.
1917 -ലെ റഷ്യൻ വിപ്ലവത്തോടെ തൊഴിലാളിവർഗ്ഗം ലോകത്തിലാദ്യമായി അതിന്റെ വിജയകരമായ രാഷ്ട്രീയ വിപ്ലവം സാക്ഷാൽക്കരിച്ചു. റഷ്യൻ വിപ്ലവത്തെ തുടർന്ന് ചൈന, കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങൾ, വിയറ്റ്‌നാം, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങളിലും തൊഴിലാളിവർഗ്ഗം അധികാരമേറ്റെടുത്തത് ചരിത്രത്തിലെ ഐതിഹാസിക സംഭവങ്ങളായിരുന്നു.
ഇന്ന് മുതലാളിത്തത്തിന്റെ ആഗോളവൽക്കരണ കാലഘട്ടത്തിൽ തൊഴി ലാളി വർഗ്ഗം നേരിടുന്ന ചൂഷണം വ്യാപകവും സങ്കീർണ്ണവുമാകുന്ന ദൃശ്യത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. 19 -ാം നൂറ്റാണ്ടിലെ മുതലാളിത്ത ചൂഷണം ഫാക്ടറികളെ കേന്ദ്രീകരിച്ചായിരുന്നു മുഖ്യമായും നടന്നിരുന്നതെങ്കിൽ, ഇന്ന് ലോകമെങ്ങുമുളള ഭവനങ്ങൾ അഭിനവ ഫാക്ടറികളാകുന്ന കാഴ്ച വ്യാപകമാകുന്നു. ഇന്റർനെറ്റിന്റെ മറവിൽ പ്രതിഫലം ലഭിക്കാത്ത കൂലിവേലയും കുറഞ്ഞ കൂലി ലഭിക്കുന്ന അദ്ധ്വാനവും തൊഴിലാളി വർഗ്ഗത്തെ കൊടിയ ചൂഷണത്തിനിരയാ ക്കുന്നു. മറുഭാഗത്ത് അസംഘടിതരായ തൊഴിലാളികളുടെ എണ്ണം പെരുകുന്നു. ‘എട്ടു മണിക്കൂർ ജോലി’, “എട്ടു മണിക്കൂർ വിശ്രമം” എന്ന മെയ്ദിന മുദ്രാവാക്യം ഇന്ന് ഏറ്റവും പ്രസക്തമാവുകയാണ്. തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം , സംഘടിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ നിയമപരിരക്ഷയെയും മാറ്റി മറിച്ച് കൊണ്ട് പുതിയ ലേബര്‍കോഡ് നിലവില്‍ വന്നിരിക്കുന്നു, കാരണം അഭിനവ മുതലാളിത്ത സ്ഥാപനങ്ങൾ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. ഒഴിവ് ദിവസമോ അർഹമായ കൂലിയോ ആനുകൂല്യങ്ങളോ ഇല്ലാതെ 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു. രാസമാലിന്യങ്ങളും ഹരിതഗൃഹവാതകങ്ങളും പുറത്തു വിടുന്ന ഫാക്ടറികൾ മനുഷ്യരാശിയുടെ മാത്രമല്ല, മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്നു. പാരിസ്ഥിതിക തകർച്ചയുടെ കൊടിയ ആഘാതം പല രൂപത്തിൽ പ്രകടമാവുന്നു. ആഗോളതാപനത്തിന്റെ ഫലമായി രൂപം കൊളളുന്ന കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്ത ങ്ങൾക്ക് വഴി തെളിക്കുന്നു. ലോകത്തിന്റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ കാടുകൾക്ക് തീയിട്ടത് നവ ലിബറൽ മുതലാളിത്ത ശക്തികൾ തന്നെയാണ് എന്നു വ്യക്തമായിരിക്കുന്നു.
ആഗോളവൽകൃത മുതലാളിത്തം നടത്തുന്ന ഭ്രാന്തമായ തേരോട്ടത്തിന്റെ ഏററവും വലിയ ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കർഷക ജനതയും ആദിവാസികളും ദളിതരുമാണ്. യൂണി സെഫ് (2020) ന്റെ കണക്കനുസരിച്ച് ലോകത്തിലാകെ 160 മില്യൺ കുട്ടികൾ നിർബന്ധിത ജോലിക്ക് വിധേയരാകുന്നു. കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ വേണ്ടി നടത്തുന്ന മനുഷ്യക്കടത്തും (HumanTrafficking) ഇന്ന് വ്യാപക മാവുന്നു. Times of India (2020) രേഖപ്പെടുത്തുന്നത് ഇന്ത്യയിൽ 33 ദശലക്ഷം കുട്ടികൾ വേല ചെയ്യുന്നുവെന്നാണ്.
നവ ലിബറൽ മുതലാളിത്ത വികസനത്തിന്റെ നാശോന്മുഖമായ പ്രവർത്തനം എന്നു പറയുന്നത് ജനങ്ങളെ തെരുവാധാരമാക്കിക്കൊണ്ട് മൂലധന സമാഹരണം നടത്തുക (Accumulation by Dispossession) എന്നതാണെന്ന് വിഖ്യാത ധനശാസ്ത്ര ചിന്തകൻ ഡേവിഡ് ഹാർവി നിരീക്ഷിക്കുന്നുണ്ട്. ആദിവാസികളേയും ദളിതരേയും അവരുടെ ആവാസഗൃഹമായ വനത്തിൽ നിന്നും തെരുവുകളിലേക്കും ചേരികളിലേക്കും ആട്ടിത്തെളിയ്ക്കുന്നു.
ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നവ ലിബറൽ മുതലാളിത്ത അനുകൂല പരിഷ്‌കാരങ്ങൾ ഊർജ്ജിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കാർഷിക മേഖലയെ കോർപ്പറേറ്റ് വൽക്കരിക്കാനുളള കേന്ദ്ര ഗവൺമെന്റ് ശ്രമം, പക്ഷെ, ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുകുത്തി. എന്നാൽ ഇന്ത്യയിലെ കാർഷിക മേഖല അതീവഗുരുതരമായ ഭീഷണികൾ നേരിടുകയാണ്. റിയൽ എസ്റ്റേറ്റ് ലോബികളും ക്രോണിക് ക്യാപ്പിറ്റലിസ്റ്റ് ശക്തികളും ഊഹക്കച്ചവടക്കാരും പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും മനുഷ്യക്കടത്തുകാരും തീവെട്ടിപലിശക്കാരുമെല്ലാം ചേർന്ന ഒരു തമോമണ്ഡലമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. കർഷക ആത്മഹത്യകൾ ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.
ഈയൊരു പരിതോവസ്ഥയിൽ നിന്നു കൊണ്ട് വേണം നാം മെയ് ദിനത്തെ വരവേൽക്കാൻ. ഒരു നൂറ്റാണ്ടിനെ മാറ്റി മറിക്കാൻ കഴിഞ്ഞ മഹത്തായ ദിനമാണ് മെയ്ദിനം. ലോക തൊഴിലാളിവർഗ്ഗം നേടിയെടുത്ത അവകാശങ്ങളെയെല്ലാം തന്നെ കുഴിച്ചു മൂടാനും നിഷ്ഠൂരമായ ബലപ്രയോഗമുൾപ്പെടെ കടുത്ത ആക്രമണങ്ങൾ കൊണ്ട് തൊഴിലാളി വർഗ്ഗ – കർഷക സഖ്യത്തേയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അടിച്ചൊതുക്കാനുമാണ് മുതലാളിത്ത ശക്തികളും ഭരണവർഗ്ഗവും ശ്രമിക്കുന്നത്. ഈയവസരത്തിൽ എല്ലാ വിഭാഗം ജനങ്ങളേയും മതനിരപേക്ഷ – ജനാധിപത്യ ശക്തികളേയും ഒന്നിപ്പിക്കാനും പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് കരുത്തേകാനും തൊഴിലാളി വർഗ്ഗം നേതൃത്വപരമായ പങ്കു വഹിക്കേണ്ടത് അനിവാര്യമാണ്. കേവലം സാമ്പത്തികാവശ്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് വിമോചനാത്മകമായ രാഷ്ട്രീയാവശ്യങ്ങൾക്ക് വേണ്ടിയാണ് തൊഴിലാളിവർഗ്ഗം നില കൊള്ളുന്നത്. ഈ സവിശേഷതയാണ് തൊഴിലാളി വർഗ്ഗത്തെ വിപ്ലവശക്തിയാക്കി മാറ്റുന്നത്. ബലികുടീരങ്ങളിൽ മാറ്റൊലി കൊള്ളുന്ന , അദ്ധ്വാനിക്കുന്ന ജനതയുടെ രണമാർഗ്ഗങ്ങൾ തുടുപ്പിച്ച മെയ്ദിന രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങൾ നമുക്ക് ശക്തി പകരട്ടെ.