കാനം രാജേന്ദ്രൻ
തൊഴിലാളിവർഗ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മെയ്ദിനം ലോകമെമ്പാടും ആചരിക്കുകയാണ്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യത്തെ മുൻ നിർത്തി നടത്തിയ പോരാട്ടം മുതലാളി വർഗ്ഗവും ബൂർഷ്വാ ഗവൺമെന്റും നിഷ്ഠൂരമായി അടിച്ചമർത്തുകയായിരുന്നു. മെയ്ദിന രക്തസാക്ഷികളെ സ്മരിക്കുന്നതിനും ലോക തൊഴിലാളി വർഗ്ഗം നേടിയെടുത്ത മഹത്തായ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കുന്നതിനുമുള്ള അവസരമായിട്ടാണ് ഈ ദിനം ലോക തൊഴിലാളി വർഗ്ഗം ആചരിക്കുന്നത്.
2022 മെയ്ദിനം ആചരിക്കുമ്പോൾ ഇന്ത്യൻ തൊഴിലാളി വർഗത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. നവലിബറൽ മുതലാളിത്ത പരിഷ്കാരങ്ങൾ ജനസാമാന്യത്തെ അടുത്ത സാമൂഹ്യ -സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുന്ന കാലഘട്ടമാണിത്. ഭീകരമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കൽ, എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമംനിഷേധം സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കൽ ഇവയെല്ലാം തൊഴിലാളിവർഗത്തിനു നിഷേധിച്ചുകൊണ്ടുള്ള നിയമനിർമാണങ്ങൾ ഇന്ത്യൻ തൊഴിലാളി വർഗ്ഗവും സാമാന്യജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ആധാരമാക്കി തൊഴിലാളികളുടെയും കർഷകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുത്തു കൊണ്ട് മാർച്ച് 27, 28 തീയതികളിൽ നടത്തിയ ദ്വിദിന പണിമുടക്ക് വൻപിച്ച വിജയമായിരുന്നു.
മെയ് ദിന ചരിത്രം അവസാനിക്കുന്നില്ല. തൊഴിലാളിവർഗ്ഗത്തിന് പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് മെയ്ദിന സ്മരണ. ഈ അവസരത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും മതനിരപേക്ഷ – ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കാനും പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് കരുത്തേകാനും തൊഴിലാളിവർഗ്ഗം നേതൃത്വപരമായ പങ്കു വഹിക്കേണ്ടത് അനിവാര്യമാണ്. ഈ മുഖ്യ കടമ നിർവഹിക്കാൻ അഭ്യർത്ഥിക്കുന്നു.. മെയ്ദിന രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങൾ നമുക്ക് ശക്തി പകരട്ടെ.
ഏവർക്കും മെയ് ദിനാശംസകൾ.