എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
സഖാവ് സികെ ചന്ദ്രപ്പന്റെ ഓർമ്മദിനം. എന്നായിരുന്നു സഖാവിനെ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്?
തികഞ്ഞ സിപിഐക്കാരനായ എന്റെ അച്ഛന്റെ വാക്കുകളിലൂടെയാണ് സി കെ എന്ന രണ്ടക്ഷരം കേൾക്കുന്നത് വാക്കുകളിലൂടെ നിലപാടിലൂടെ സഖാക്കളിൽ ആവേശം വിതറുന്ന ആ വിപ്ലവ നക്ഷത്രത്തെ അറിയുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയം തലയ്ക്കു പിടിച്ചുനിൽക്കുന്ന കാലം. എഐഎസ്എഫും അതിന്റെ വിപ്ലവ മുന്നേറ്റങ്ങളും സിരകളിൽ തീയായി പടർന്ന കാലം. നക്ഷത്രം പതിച്ച ആ ദ്വിവർണ്ണ ചെങ്കൊടിയുയർത്തി സഖാക്കൾക്കൊപ്പം സമര തീച്ചൂടിലേക്കെടുത്തു ചാടിയ കാലം, വീണ്ടു കേട്ടു ആ രണ്ടക്ഷരങ്ങൾ, സഖാവ് സികെ.
ഗോവൻ വിമോചന സമരകാലത്തെ ആവേശം കൊള്ളിക്കുന്ന കഥകൾ. പിറന്ന നാടിന് വേണ്ടി, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറായ സികെയുടെ ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന കഥകൾ.
സംഘടന പ്രവർത്തനം ഗൗരവമായി എടുത്ത കാലത്ത് വായിച്ചു, പഠിച്ചു, സികെ ചന്ദ്രപ്പൻ എന്ന മഹാനായ കമ്മ്യൂണിസ്റ്റിന്റെ ദൃഢതയുള്ള രാഷ്ട്രീയത്തെ കുറിച്ച്, കാഴ്ചപ്പാടിനെ കുറിച്ച്. ആ നിലപാടുകൾ പിന്തുടരുക എന്നത് എത്രമാത്രം കഠിനമാണെന്നതിനെ കുറിച്ച്. കഠിനമാണെങ്കിലും ആ നിലപാടുകൾ തന്നെയാണ് ശരിയെന്നതിനെ കുറിച്ച്.
എത്രനാൾ സികെയെ പഠിച്ചു? അറിയുന്തോറും കമ്മ്യൂണിസ്റ്റ് മൂല്യം തെളിഞ്ഞുതെളിഞ്ഞു വന്നു. കാർക്കശ്യക്കാരനായ, നിലപാടുകളിൽ വിട്ടുവീഴ്ചകളില്ലാത്ത ഞങ്ങളുടെ സഖാവ് സികെ.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരത്ത് ചെന്ന നാൾ മുതലാണ് കേട്ടും വായിച്ചു മറിഞ്ഞതിലുമെത്ര മേൽ മുകളിലാണ് ആ ഉജ്ജ്വല വ്യക്തിത്വമെന്ന് മനസ്സിലായത്.
നേരിന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ ഡാങ്കേയിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് സി.കെ നൽകിയ മറുപടി “സഖാവ് ഡാങ്കേ അത്ര മോശമാണോ, സാർവ്വദേശീയ നേതാവായിരുന്നില്ലേ ?
ആളന്നു കുറിച്ച ആ വാക്കുകൾക്കപ്പുറമൊന്നും അവർ അർഹിച്ചിരുന്നില്ല എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തിന് അപ്പുറത്തു നിന്നവരെയും അത്രമേൽ സ്‌നേഹത്തോടെ സമീപിച്ച മനുഷ്യ സ്‌നേഹി.
ഒരു ജീവിതകാലം മുഴുവൻ പാർട്ടിയായി ജീവിച്ച് അദ്ദേഹം, ഒരു മാർച്ച് 22ന് യാത്രപറഞ്ഞു പോയി. അപ്പോഴാണ് ശരിക്കും മനസ്സിലായത്, സികെയുടെ വിടവ്, അത് എത്രമേൽ വലുതായിരുന്നെന്ന്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ, എഐവൈഎഫിനെ,എഐഎസ്എഫിനെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യരും സികെയെ ഹൃദയത്തിൽ കുറിച്ചുവയ്ക്കുന്നു. ഓർക്കുന്നു.
മെയ് മാസത്തിലെ പൊള്ളുന്ന ചൂടിൽ, എഐവൈഎഫ് കേരളമൊട്ടാകെ നടക്കാനിറങ്ങുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾ നശിപ്പിക്കുന്ന നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാനായി, തൊഴിലിനുവേണ്ടി പൊരുതുന്ന യുവാക്കൾക്ക് കരുത്താകാനായി. സികെയുടെ ഓർമ്മകൾ, അദ്ദേഹം നടന്നുതീർത്ത സമര വഴികൾ ഓർമ്മകളിൽ ജ്വലിക്കുമ്പോൾ, ഇനിയും നമ്മൾ പതറാതെ കാതങ്ങൾ നടക്കും… പ്രിയപ്പെട്ട സഖാവിന് ഹൃദയാഭിവാദ്യങ്ങൾ…