വിദ്യഭ്യാസത്തിന്റെ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിന്റെ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ കേവല കച്ചവട താല്പര്യം മാത്രം മുൻ നിർത്തിക്കൊണ്ടുമുള്ള എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ നയത്തിന്റെ ഇരയായിരുന്നു രജനി എസ് ആനന്ദ്. യു ഡി എഫ് സർക്കാരിന്റെ ഭരണ കാലത്ത് 2004 ൽ അടൂർ ഐ എച് ആ ർ ഡി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന രജനി എസ് ആനന്ദ് വിദ്യാഭ്യാസ വാണിഭവത്കരണത്തെ തന്റെ ജീവിതം കൊണ്ട് ചോദ്യം ചെയ്തിട്ട് ഇന്നേക്ക് 20 വർഷം.
2004 ജൂലൈ 22നാണ് രജനി എസ് ആനന്ദ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ഹൗസിങ് ബോർഡ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. സ്വാശ്രയ എഞ്ചിനീയറിങ് പഠനം തുടരാൻ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. വെള്ളറട നെല്ലിശ്ശേരി പട്ടക്കുടിവിള വീട്ടിൽ അലക്കുതൊഴിലാളികളായ ശിവാനന്ദന്റെയും ശാന്തയുടെയും മകളായിരുന്നു രജനി എസ്.ആനന്ദ്. യു ഡി എഫ് സർക്കാർ കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് യഥേഷ്ടം കയറിയിറങ്ങാൻ വാതിൽ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് അന്ന് വിദ്യാഭ്യാസം തീർത്തും അപ്രാപ്യമാക്കിയിരുന്നു.
മിടുക്കും മെറിറ്റും മാനദണ്ഡമാക്കാതെ പ്രവേശനത്തിനായി ലക്ഷങ്ങൾ കോഴ നൽകി കമ്പോളത്തിൽ ലഭിക്കുന്ന വസ്തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു നേടാവുന്നതും കാശുള്ളവർക്ക് മാത്രം വാങ്ങാവുന്നതുമായ ചരക്കായി അക്കാലത്ത് വിദ്യാഭ്യാസവും മാറുകയുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളോടും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമുള്ള എഐഎസ്എഫിന്റെയും എ ഐ വൈ എഫിന്റെയും നിലപാടുകൾ സുശക്തവും സമാനതകളില്ലാത്തതുമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സൃഷ്ടിക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ കേരള ജനതയോട് എ ഐ എസ് എഫും എ ഐ വൈ എഫും പതിറ്റാണ്ടുകൾക്ക് മുൻപേ വിളിച്ചു പറഞ്ഞിരുന്നു.
മെറിറ്റും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുമെന്ന പ്രഖ്യാപിത നയങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് സ്വകാര്യ സർവ്വകലാശാലകളെ നിരുത്സാഹപ്പെടുത്തില്ലെന്നതടക്കമുള്ള അശുഭകരമായ പ്രസ്താവനകൾ ഉത്തരവാദിത്വപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്ന് പുറത്തു വരുമ്പോൾ വിദ്യാഭ്യാസ കച്ചവടക്കാരുമായി അനുരഞ്ജനപ്പെടാനുള്ള ഏത് നീക്കങ്ങളെയും ചെറുത്ത് തോല്പിക്കാൻ എസ് എഫും വൈ എഫും പ്രതിജ്ഞാബദ്ധമാണെന്ന് ഓർമ്മിപ്പിക്കുന്നു. വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണ്. വിദ്യാ വാണിഭത്തിന്നെതിരെയുള്ള പോരാട്ടങ്ങൾക്ക് രജനി എസ് ആനന്ദിന്റെ ഓർമ്മകൾ നമുക്ക് കരുത്ത് പകരും.