ഇന്ത്യയിലെ തെരഞ്ഞെടുപ്പുകാലത്ത് മുസ്ലിംവിരുദ്ധ പരസ്യങ്ങൾക്ക് ഫെയ്‌സ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റ അനുവാദം നൽകിയിരുന്നതായി റിപ്പോർട്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും മതപരമായ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള കൃത്രിമ രാഷ്‌ട്രീയ പരസ്യങ്ങൾക്ക് അനുമതി നൽകിയിരുന്നതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷണലും (ഐസിഡബ്ല്യുഐ) കോർപറേറ്റ് നിരീക്ഷക സംഘടനയായ എക്കോയും നടത്തിയ അന്വേഷണത്തിലാണ് മെറ്റ മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള പ്രകോപരമായ പരസ്യങ്ങൾ അനുവദിച്ചതായി കണ്ടെത്തിയത്. ഒരു പരസ്യത്തിൽ ഇന്ത്യയിൽനിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കാനും അവരെ വധിക്കാനും പ്രതിപക്ഷത്തെ ഒരു നേതാവ് ആഗ്രഹിക്കുന്നുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള പരസ്യങ്ങൾ അംഗീകരിക്കുന്നത് പരിശോധിക്കാൻ ഐസിഡബ്ല്യുഐയും എക്കോയും നിർമിച്ച് ഒന്നിലധികം ഭാഷകളിൽ സമർപ്പിച്ച 22 വിദ്വേഷ പ്രസംഗങ്ങളിൽ 14 എണ്ണം മെറ്റ അംഗീകരിച്ചു. ചെറിയ മാറ്റങ്ങൾക്കുശേഷം, മൂന്നെണ്ണംകൂടി അംഗീകരിച്ചു. പിന്നീട് മുഴുവൻ പരസ്യങ്ങളും അംഗീകരിച്ചു. ഇവയെല്ലാം ഐസിഡബ്ല്യുഐയും എക്കോയും ഉടൻ പിൻവലിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഉള്ളടക്കങ്ങൾ തടയുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങൾ കണ്ടെത്തുന്നതിൽ മെറ്റയുടെ സംവിധാനങ്ങൾ പരാജയപ്പെട്ടു. പോളിങ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കം നിരോധിക്കുന്ന നിയമം ഇത്തരം പരസ്യങ്ങൾ ലംഘിച്ചതായും റിപ്പോർട്ടിലുണ്ട്.