പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ഭക്ഷ്യ ധാന്യങ്ങള്‍ വീട്ടിലെത്തി. തങ്ക കേശവന്‍, തങ്കമണി എന്നിവരടങ്ങുന്ന 6 അംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറോട് മന്ത്രി ജി ആര്‍ അനില്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.
ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തങ്ക കേശവന്‍, തങ്കമണി എന്നിവര്‍ ജൂണ്‍ 21ന് റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നു. എന്നാല്‍ കുടുംബം ഒരാഴ്ചയോളം റാന്നി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഈ സമയത്ത് ഊരില്‍ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷന്‍ സാധനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യമാണ് ഈ കുടുംബത്തെ ഭക്ഷ്യ ധാന്യത്തിന്റെ അപര്യാപ്തത നേരിട്ടതെന്ന് ബോധ്യപ്പെടുകയും ഇതേ തുടര്‍ന്ന് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.