വി എസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി കെ രാജൻ. പൂരം കലക്കിയതിന് പിന്നാലെ കെ രാജനെ ആക്രമിക്കാൻ ശ്രമം നടന്നുവെന്ന സുനിൽ കുമാർ വെളിപ്പെടുത്തിയിരുന്നു. പൂരം നടന്ന ദിവസം ബോധപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നിരുന്നതായി മന്ത്രി പറഞ്ഞു. ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ പോകാതിരുന്നതെന്നും സ്വയം നിയന്ത്രണം പാലിക്കുകയാണ് അവിടെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”അതുവരെ കാണാത്ത ആളുകളാണ് അവിടെ ഉണ്ടായിരുന്നത് സംഘർഷ സാധ്യത ഉണ്ടെന്ന കളക്ടറുടെ നിർദ്ദേശം ലഭിച്ചത് കൊണ്ട് മാത്രമാണ് ആദ്യം പോകാതിരുന്നത്. പക്ഷെ പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നത്കൊണ്ടാണ് ഔദ്യോഗിക വാഹനവും പൊലീസ് സുരക്ഷയും ഉപേക്ഷിച്ച് ജനക്കൂട്ടത്തിന് നടുവിലൂടെയാണ് ശ്രീമൂല സ്ഥാനത്തേക്ക് പോയിരുന്നത്. പിന്നീട് അവിടെ എത്തി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തുകയായിരുന്നുവെന്നും” മന്ത്രി വ്യക്തമാക്കി.
ആർഎസ്എസ് ബിജെപി പ്രവർത്തകർ സംഘടിച്ചാണ് മന്ത്രിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടത് , രണ്ടും കൽപ്പിച്ചാണ് മന്ത്രിയും താനും ശ്രീമൂല സ്ഥാനത്ത് എത്തിയതെന്നും വിഎസ് സുനിൽകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. “പൂരം നിർത്തി വെച്ചതിന് പിന്നാലെയാണ് അങ്ങോട്ട് പോകുന്നതിനായി മന്ത്രി കെ രാജൻ തന്നെ ബന്ധപ്പെടുന്നത്. എന്നാൽ ആർഎസ്എസ് ബിജെപി പ്രവർത്തകർ അവിടെ സംഘടിച്ചുനിന്നിരുന്നു മന്ത്രി അവിടെ എത്തിയാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ജില്ലാ കളക്ടറുടെയും പൊലീസിന്റെയും നിർദേശം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ അവിടേക്ക് പോയിരുന്നില്ലെന്നും പിന്നീട് എന്തും നടക്കട്ടെ എന്ന് കരുതി രണ്ടും കൽപ്പിച്ചാണ് ഞങ്ങൾ രണ്ടുപേരും സ്ഥലത്തെത്തിയത്”, വിഎസ് സുനിൽകുമാർ പറഞ്ഞു.