വിജയവാഡ: സര്‍ക്കാര്‍ മേഖലാ വ്യവസായങ്ങളെ പൂര്‍ണമായും തകര്‍ത്ത് ദേശീയ ആസ്തികള്‍ കൈമാറാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അതീവഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ധനസമാഹരണത്തിന്റെ പേരില്‍ പൊതുമേഖലയുടെയും സര്‍ക്കാര്‍ മേഖലയുടെയും സ്വത്തുക്കള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുകയാണ്.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലും വ്യാവസായിക വികസനത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും തൊഴില്‍ സംവരണം നല്‍കി സാമൂഹിക നീതി ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച പൊതുമേഖലയും സര്‍ക്കാര്‍ മേഖലയും നിലവില്‍ ഗുരുതരമായ നിലനില്പു ഭീഷണിയിലാണ്. സര്‍ക്കാര്‍ വകുപ്പുകളിലും കരാര്‍ തൊഴില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഇത് ഭരണത്തെയും സിവില്‍ സര്‍വീസിനെയും ദുര്‍ബലപ്പെടുത്തുന്നു. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും മറ്റ് ദൈനംദിന ആവശ്യങ്ങളും നിഷേധിക്കപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
റയില്‍വേ, പ്രതിരോധം, തപാല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ 10 ലക്ഷത്തിലധികവും പൊതുമേഖലാ വ്യവസായങ്ങളില്‍ നാലു ലക്ഷത്തിലധികവും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടുകോടിയിലധികം യുവജനങ്ങള്‍ തൊഴില്‍ രഹിതരായ രാജ്യത്ത് പൊതുമേഖലയിലും സര്‍ക്കാരിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താനുള്ള നടപടികള്‍ ആരംഭിക്കാതെ കാഴ്ചക്കാരായി ഇരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. വിവേകശൂന്യമായ ഈ സമീപനത്തെ പാര്‍ട്ടി കോണ്‍ഗ്രസ് അപലപിച്ചു. സാമൂഹിക നീതിക്കും തൊഴിലിനുമായി പൊതുമേഖലയെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും വേണം. സ്വകാര്യവല്‍ക്കരണം പൂര്‍ണമായി അവസാനിപ്പിക്കണം. കേന്ദ്ര പൊതുമേഖലയിലും സര്‍ക്കാരിലും ഒഴിഞ്ഞുകിടക്കുന്ന 14 ലക്ഷം തസ്തികകളിലും വിവിധ മേഖലകളില്‍ ഒഴിവുള്ള എട്ട് ലക്ഷത്തിലധികം തസ്തികകളിലും ഉടന്‍ നിയമനം നടത്തണമെന്നും പൊതുമേഖലയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.