വിജയവാഡ: ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ഭരണഘടനയെയും തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന ബിജെപി-ആർഎസ്എസ് ശക്തിയെ തടയുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.രാജ്യത്തിന്റെയും ജനങ്ങളുടെയും മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ 24-ാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ വർത്തമാന രാഷ്ട്രീയസാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടണം. എല്ലാ ഇടതുപാർട്ടികളും ഒരുമിച്ച് നീങ്ങണമെന്നും ഇടത് ഐക്യവും അതിലൂടെ മതേതര, ജനാധിപത്യ, ദേശാഭിമാന ശക്തികളുടെ ഐക്യവും പ്രാവർത്തികമാക്കുകയെന്നതാണ് സിപിഐ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്ന യാഥാർത്ഥ്യം. വന്യമായ കാട്ടുതീയെന്ന് കമ്മ്യൂണിസത്തെ വിശേഷിപ്പിക്കുന്ന മോദി ചെങ്കൊടിയെ വല്ലാതെ ഭയപ്പെടുകയാണ്. കമ്മ്യൂണിസ്റ്റുകൾ മുഖ്യശത്രുക്കൾ എന്ന മോദിയുടെ പ്രഖ്യാപനം ഇതിൽ നിന്നാണ്. കമ്മ്യൂണിസം അപകടകരമായ ആശയമെന്നാണ് മോദി പറയുന്നത്. അത് ആളിപ്പടരുകയാണെന്നും ഈ അപകടത്തെക്കുറിച്ച് മനസിലാക്കിയിരിക്കണമെന്നും ഉപദേശിക്കുന്നു.
ആർഎസ്എസിനും ബിജെപിക്കും വെല്ലുവിളി കമ്മ്യൂണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽനിന്നാണ് ഇത്തരം ഭയാശങ്ക. മോദിക്കും സംഘ്പരിവാറിനും കമ്മ്യൂണിസം അപകടകരമായ ആശയമാകും. കാരണം അത് അധ്വാനിക്കുന്നവന്റെ ആശയമാണെന്നും രാജ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന ഈ അവസ്ഥയെ 24-ാം പാർട്ടി കോൺഗ്രസ് കൃത്യമായി തിരിച്ചറിയുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യും. ഫാസിസ്റ്റ് പ്രവണതയുള്ള വർഗീയ ആധിപത്യത്തെ ചെങ്കൊടി ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യുമെന്നും ഡി രാജ കൂട്ടിച്ചേർത്തു.