സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രൂഡിന്റെ വീട്ടിൽ നടന്ന ഗണേശ ചതുർത്ഥി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് മോദി പങ്കെടുത്തത്. ഈ ഒത്തുചേരൽ വ്യാപകമായ വിമർശനങ്ങൾക്കാണ് വഴിവയ്‌ക്കുന്നത്. ‘ഭരണ രാഷ്‌ട്രീയ സംവിധാനവും–-നീതി നിർവഹണ സംവിധാനവും തമ്മിലുള്ള ഒത്തുതീർപ്പ്’ എന്ന് പലരും ഈ സന്ദർശനത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ വച്ചുള്ള ചിത്രം പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണേശ ചതുർത്ഥി പൂജയിൽ പങ്കെടുത്തു. ഭഗവാൻ ശ്രീ ഗണേഷ് നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.’–- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ ഭാര്യ കൽപന ദാസ് എന്നിവരോടൊപ്പം പൂജയിൽ പങ്കെടുക്കുന്ന ചിത്രവും പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിൻ മേലുള്ളഎല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ വിട്ടുവീഴ്‌ച്ചയെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഐ) അപലപിക്കണം.’–- ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടക്കാഴ്‌ചയെ തുടർന്ന് മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് എക്‌സിൽ എഴുതി.