സംഗീത ഷംനാദ്
മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്. 60 ദിവസത്തിലധികമായി കലാപ കലുഷിതമായ അവിടെനിന്നും ആശ്വാസകരമായ വാര്‍ത്തകള്‍ ഒന്നും കേള്‍ക്കുന്നില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ വസ്തുത. മണിപ്പൂരില്‍ ജനസംഖ്യയുടെ 50 ശതമാനത്തില്‍ അധികം വരുന്ന മെയ്തി വിഭാഗം പ്രധാനമായും താമസിക്കുന്നത് ഇംഫാല്‍ താഴ്‌വരയിലാണ്. മലയോര പ്രദേശങ്ങളില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ ആയ കുക്കി, നാഗാ വിഭാഗങ്ങള്‍ക്ക് മാത്രമാണ് താമസിക്കുന്നതിനായി ഭൂപരിഷ്‌കരണ നിയമപ്രകാരം അനുമതി ഉള്ളത്. ഇവര്‍ ക്രിസ്തീയ മതവിശ്വാസത്തില്‍ പെടുന്നവരാണ് , എന്നാല്‍ താഴ്‌വര മേഖലകളില്‍ താമസിക്കുന്നതിനും ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് വിലക്കില്ല. മണിപ്പൂര്‍ അസംബ്ലിയിലെ 60 സീറ്റില്‍ ഏകദേശം 40 സീറ്റിലും മേയ്തി വിഭാഗത്തിലുള്ളവരാണ്. 20 സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. മ്യാന്മാരില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ മറവില്‍ ഗോത്രവര്‍ഗ്ഗക്കാരെ അവരുടെ ഭൂമിയില്‍നിന്ന് കൂടിയിറക്കുന്നു എന്ന ആക്ഷേപവും താഴ്‌വരയിലെ ജനതയോടു പക്ഷപാതപരമായി പെരുമാറുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധങ്ങളും മണിപ്പൂരിന്റെ രാഷ്ട്രീയം അസ്വസ്ഥമാക്കിയ ഘടകങ്ങളാണ്.
ആദിവാസി ഭൂമികയേറ്റത്തില്‍ പ്രതിഷേധിച്ച് കാങ്‌പോപ്പിയില്‍ നടന്ന പ്രതിഷേധ സമരത്തിലാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെടുന്നത്. ഹൈക്കോടതി വിധിയെ എതിര്‍ത്ത് ആള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മണിപ്പൂര്‍ നടത്തിയ അരലക്ഷത്തില്‍ അധികം പേര് പങ്കെടുത്ത ‘ആദിവാസി സോളിഡാരിറ്റി മാര്‍ച്ചില്‍’ സംഘര്‍ഷം ഉണ്ടായി. നിരവധി പള്ളികളും വീടുകളും ചുട്ടിരിക്കപ്പെട്ടു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ തീ വെയ്ക്കുകയും ബോംബ് എറിയപ്പെടുകയും ചെയ്തത് മാധ്യമങ്ങളില്‍ വാര്‍ത്തകളായി. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടു. ആയുധങ്ങളും വെടിക്കൊപ്പുകളും കലാപകാരികള്‍ പിടിച്ചെടുത്തു . സമാനതകളില്ലാത്ത രക്തരൂക്ഷിതമായ കലാപം നടക്കുമ്പോഴും പ്രധാനമന്ത്രിയുടെ മന്‍ കീ ബാതില്‍ മണിപ്പൂര്‍ കലാപതെ കുറിച്ച് ഒന്നും പരാമര്‍ശിക്കപ്പെട്ടില്ല എന്നുള്ളത് മണിപ്പൂര്‍ ജനതക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കലാപം നിയന്ത്രിക്കുവാന്‍ എത്തിയ സൈന്യത്തെ മെയ്തി വിഭാഗം തടഞ്ഞു വെച്ചതും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
28.5 ലക്ഷം ആണ് മണിപ്പൂരിലെ ജനസംഖ്യ. 60000 അധികം പേര്‍ പലായനം ചെയ്തു എന്നാണ് കണക്കുകള്‍. 200 ലേറെ ഗ്രാമങ്ങള്‍, 5000ല്‍ ലധികം വീടുകള്‍, 300ലധികം പള്ളികള്‍ ഒക്കെയും അഗ്‌നിക്കിരയായി. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 355 പ്രകാരം ബാഹ്യ ആക്രമണങ്ങളില്‍ നിന്നും ബാഹ്യ-ആഭ്യന്തര അസ്വസ്ഥതകളില്‍ നിന്നും സംസ്ഥാനങ്ങളെ സംരക്ഷിക്കാനുള്ള കടമ കേന്ദ്ര സര്‍ക്കരിന്റെതാണ്. ഏകദേശം 60 ദിവസങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിന്റെ ജനസംഖ്യയുടെ പത്തിലൊന്നു പോലും ജനസംഖ്യ ഇല്ലാത്ത മണിപ്പൂരിലെ കലാപം നിയന്ത്രണവിധേയമാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കലാപം നിയന്ത്രണവിധേയം അല്ലാതിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുവാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഉള്ളപ്പോഴും മുഖ്യമന്ത്രി ബീരെണ്‍ സിംഗിന്റെ രാജി സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കലാപം നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്നില്ല എന്നത് കനത്ത രാഷ്ടീയ പ്രതിസന്ധി സൃഷ്ടിക്കും എന്നതുകൊണ്ടു തന്നെയാണു രാജി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മണിപ്പൂര്‍ കലാപത്തില്‍ എരിയൂമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വിദേശപര്യടനത്തിലായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ട ബാധ്യത ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കാണ്. 60 ദിവസത്തിലധികം കെട്ടടങ്ങാത്ത കലാപത്തോട് നിസംഗത കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപത്തെ പ്രതിപക്ഷമൊന്നകെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഏതൊരു മനുഷ്യനും സൈ്വര്യമായി ജീവിക്കുവാനും സ്വത്ത് സംരക്ഷിക്കപ്പെടുവാനും ഉള്ള അവകാശം ആര്‍ട്ടിക്കില്‍ 21 പ്രകാരം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍, അനാഥമാക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ഉത്തരം പറയുവാന്‍ ബാധ്യസ്ഥരാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവായ സഖാവ് ആനി രാജ സര്‍വ്വതും നഷ്ടമായ കലാപ ബാധിതരുടെ കേന്ദ്രങ്ങലില്‍ മൂന്ന് നാല് ദിവസങ്ങളായി അവരോടൊപ്പം നില്‍ക്കുകയാണ്. സമാനതകളില്ലാത്ത സാഹചര്യമാണ് മണിപ്പൂരില്‍ എന്നാല്‍ മാധ്യമങ്ങളില്‍ വേണ്ടത്ര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ് .ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം സാധ്യമാവാത്ത, ഗതാഗതവും വിദ്യാഭ്യാസവും ആശയവിനിമയവും തൊഴിലും രണ്ടു മാസക്കാലമായി മുടങ്ങിക്കിടക്കുന്ന രൂക്ഷമായ സാഹചര്യമാണ് മണിപ്പൂരിലെത്.
സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആശങ്ക കൊണ്ടും, ഏകപക്ഷീയമായ ഭരണവര്‍ഗത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നു എന്നതുകൊണ്ടും മണിപ്പൂരില്‍ ജാഗ്രതയോടും ഉത്തരവാദിത്വവും ആയ ഇടപെടലുകള്‍ കൊണ്ടും മാത്രമേ സമാധാനം പുനസ്ഥാപിക്കുവാന്‍ സാധ്യമാകു. ഭരണഘടന പരമായ ധാര്‍മികത നിറവേറ്റുക എന്നത് അധികാരതിലിരിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. കത്തിയെരിയുന്ന റോമില്‍ വീണ വായിച്ച ചക്രവര്‍ത്തിമാരെയല്ല കാലം ആവശ്യപ്പെടുന്നത്. കണ്ണീരും കലാപത്തീയും കെട്ടടക്കി ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതം വീണ്ടെടുക്കുക എന്നതിനപ്പുറം മറ്റൊരു ന്യായവാദങ്ങള്‍ക്കും പ്രസക്തിയില്ല. കലാപങ്ങളുടെ ബാക്കി പത്രമാവുന്ന അരക്ഷിതാവസ്ഥകള്‍ ബാക്കി വെക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കാലം കടന്നു പോവില്ല.