Thursday, November 21, 2024
spot_imgspot_img
HomeLatest Newsമോദിയുടെ ലക്ഷ്യം മാലിദ്വീപിന് ബദൽ ഒരുക്കലല്ല, ലക്ഷദ്വീപ് ജനതയെ കുടിയിറക്കൽ

മോദിയുടെ ലക്ഷ്യം മാലിദ്വീപിന് ബദൽ ഒരുക്കലല്ല, ലക്ഷദ്വീപ് ജനതയെ കുടിയിറക്കൽ

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ വീശിയടിച്ച സമയത്ത് സന്ദർശിച്ച വളരെ ചുരുങ്ങിയ രണ്ടു മണിക്കൂറുകൾ മാറ്റി നിർത്തിയാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യത്തെ ലക്ഷദ്വീപ് സന്ദർശനത്തിനാണ് ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. ഈ ഒരു സന്ദർശനം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വീപിലാകമാനം മോദി ഇഫക്ട് പറഞ്ഞ് പരത്തുക എന്ന ലക്ഷ്യമായിരുന്നില്ല. അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ ​ഖോഡ പട്ടേലിന്റെ വരവോടെ നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ട ലക്ഷദ്വീപ് നിവാസികളെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്ന മറ്റൊരു ലക്ഷ്യം ഇപ്പോഴത്തെ ലക്ഷദ്വീപ് സന്ദർശനത്തിൽ പ്രതിഫലിച്ചിരുന്നു. വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ, പ്രധാനമന്ത്രി ദ്വീപിലെത്തി. ഏറ്റവുമൊടുവിൽ ലക്ഷദ്വീപ് ശാന്തസുന്ദരമാണെന്ന് പുകഴ്ത്തുകയും ചെയ്തു. ലോകത്ത് സാഹസികയാത്രകൾ ആ​ഗ്രഹിക്കുന്നവരുടെ പട്ടികയിൽ ലക്ഷദ്വീപ് ഇടം നേടും എന്നും മോദി വ്യക്തമാക്കി.

ചൈനയുടെ പിന്നാലെ പോകുന്ന മാലിദ്വീപിനു പകരം ലക്ഷദ്വീപിനെ ഇന്ത്യ വളർത്തിക്കൊണ്ടുവരും എന്ന് വെല്ലുവിളിച്ച് പല ബിജെപി അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും പലതരത്തിലുള്ള പോസ്റ്റുകളും ഉയർന്നു വന്നു. മാലിദ്വീപിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പകരം മറ്റ് ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉയർത്തി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഒരു നാട്ടിൽ ടൂറിസം വളർത്തിക്കൊണ്ടുവരുന്നത് ആ നാടിനെ സംബന്ധിച്ച് തൊഴിലിടങ്ങൾ വളർത്തി കൊണ്ടുവരുകയും ജീവിത സാഹചര്യങ്ങൾ അപ്പാടെ മാറുകയും ചെയ്യുമെന്നത് പൊതുവെ പറയുന്നകാര്യം. എന്നാൽ ലക്ഷദ്വീപിനെ ലോകോത്തര ടൂറിസം സ്പോട്ടായി ചൂണ്ടി കാണിക്കുമ്പോൾ അതിൽ ഇരകളാക്കപ്പെടുന്ന ദ്വീപ് നിവാസികളെ മറന്നു പോകരുത്. പ്രഫൂൽ ഖോഡാ പാട്ടേൽ വന്നതിനു പിന്നാലെ ലക്ഷദ്വീപിൽ നടപ്പിലാക്കിയ പണ്ടാരഭൂമി പിടിച്ചെടുക്കൽ നടപടി ഒടുവിൽ മോദി പറയാണ്ടുറപ്പിച്ച ടൂറിസം വികസനവും ചേർത്ത് വായിച്ചാൽ മനസിലാവും എന്താണ് ലക്ഷദ്വീപിനെ കാത്തിരിക്കുന്നതെന്ന്

തൊഴിൽ നഷ്ടത്തിനും പട്ടിണിക്കും ഇടയിൽ കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇന്ന് മിക്ക ലക്ഷദ്വീപുകാരുടെയും ജീവിതം. 2011 സെൻസസ് പ്രകാരം ദേശീയ തലത്തിൽ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 382 ആയിരിക്കെ ലക്ഷദ്വീപിലത് 2149 ആണ്. ഇത്രയുമധികം ആളുകൾക്ക് അത്രകുറഞ്ഞ ഭൂമിയുള്ള ലക്ഷദ്വീപിലാണ് വികസനത്തിനെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് വലിയൊരു ഭാഗം ഭൂമി ഏറ്റെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. പണ്ടാരഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കെട്ടിടങ്ങളാണ് അധികൃതർ ഇടിച്ചുനിരത്തിയത്. നിർമാണപ്രവർത്തനങ്ങൾ വ്യാപകമായി തടയപ്പെട്ടു. വീട് പുതുക്കിപ്പണിയാനോ വർഷങ്ങളായി താമസിച്ചിരുന്ന വീട്ടിൽ ഒരു ചായ്പ്പിറക്കി കെട്ടാൻ പോലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ദ്വീപ് ജനതയുടെ വിധി തീർത്തും പരിതാപമാണ്. പണ്ടാരഭൂമിയിൽപെട്ട് സ്വസ്ഥത നശിച്ച ആയിരക്കണക്കിന് പേരുണ്ട് ഇന്ന് ലക്ഷദ്വീപിൽ.

എന്താണ് പണ്ടാരം ഭൂമി? ചിറക്കൽ രാജവംശം മുതൽ സർക്കാർ ജനങ്ങൾക്ക് പാട്ടത്തിന് കൊടുത്ത ആൾപ്പാർപ്പില്ലാത്ത ഭൂമിയാണ് പണ്ടാരം ഭൂമി. പതിറ്റാണ്ടുകളായി അതിലെ വലിയ പ്രദേശം ദ്വീപ് ജനത കൈവശം വെച്ചിരിക്കുകയാണ്. 2019 വരെ കൈവശാവകാശം ഉള്ളവരുടെ പണ്ടാര ഭൂമിയിൽ അവർക്ക് സമ്പൂർണ്ണ അവകാശം എന്ന നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റർ അത് നടപ്പാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ദ്വീപിലെ 26 ജനവാസമില്ലാത്ത ദ്വീപുകളും പണ്ടാരത്തിൽപ്പെടും. വലിയ ദ്വീപുകളായ അഗത്തി, കവരത്തി,കൽപേനി,ആന്ത്രോത്ത് മിനിക്കോയി എന്നീ ദ്വീപുകളിലും പണ്ടാരഭൂമിയുണ്ട്. പണ്ടാര ഭൂമിയില്ലാത്തത് അമിനിയിൽ മാത്രമാണ്. നിലവിൽ പണ്ടാരഭൂമിയുടെ പേരിൽ 5.2 ചതുരശ്ര കിലോ മീറ്റർ ഭൂമി ഏറ്റെടുക്കാൻ ദ്വീപ് ഭരണകൂടം ഉത്തരവിറക്കി കഴിഞ്ഞു.

കുറഞ്ഞ ഭൂമിയും ജനസാന്ദ്രതയുമുള്ള ലക്ഷ്വദ്വീപിൽ പ്രായോഗികമല്ലാത്ത നിയമങ്ങളാണ് ഭരണകൂടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. അതിലൊന്നാണ് അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന റോഡിന്റെ വികസനം. റോഡ് വികസനത്തിനായി നിലവിലുള്ള റോഡിന്റെ മധ്യത്ത് നിന്ന് 5 മീറ്റർ വീതം ഒഴിവാക്കണമെന്നാണ് ഭരണകൂടം ഉത്തരവിട്ടിരുന്നത്. നടന്നു കാണാൻ മാത്രം വിസ്തൃതമായ ലക്ഷദ്വീപിനെ ​ഗതാ​ഗത യോ​ഗ്യമാക്കാൻ ഭരണകൂടം ശ്രമിക്കുന്നത് എന്തിനാണ്? മോദിയുടെ പിന്നാലെ കേന്ദ്ര ഭരണപ്രദേശത്തേക്ക് വന്നെത്താൻ കാത്തിരിക്കുന്ന ഭീമൻ കോർപ്പറേറ്റുകൾക്ക് സ്തുതി പാടനും അവർക്കായി ലക്ഷദ്വീപിനെ പങ്കിട്ട് നൽകാനുമാണ് ഭരണകൂടം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

റോഡ് ട്രാൻസ്‌പോർട്ട് ഇയർ ബുക്ക് 2018-19 പ്രകാരം 18000 മാത്രം വാഹനങ്ങൾ മാത്രമുള്ള ലക്ഷദ്വീപിലാണ് റോഡ് വികസനത്തിനായി മൂന്ന് മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഭൂമിയധികമില്ലാത്ത ദ്വീപുകാരിൽ നിന്ന് ഇല്ലാത്ത കാറുകളോടിക്കാനുള്ള ഭൂമിയേറ്റെടുക്കലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ബീച്ച് മോടിക്കൂട്ടുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ അവരുമായി കൂടിയാലോചന പോലും നടത്താതെ പൊളിച്ചത്.

‘ ചികിത്സ കിട്ടാതെ മനുഷ്യർ മരിച്ചു വീഴുന്ന ദുരിതമനുഭവിക്കുന്ന ദ്വീപിൽ വാഹനമോടാത്ത റോഡിന്റെ വികസനത്തിന് വേണ്ടി കാശു ചിലവഴിക്കണോ അവരുടെ തൊഴിലില്ലായ്മയും ആരോഗ്യസംവിധാനത്തിലെ പോരായമകളും പരിഹരിക്കാൻ പ്രവർത്തിക്കണോ എന്ന ദീർഘവീക്ഷണമാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares