ടി കെ മുസ്തഫ വയനാട്
തൻറെ ജനനം ജൈവികമായ ഒന്നല്ലെന്നും തന്നെ ദെെവം അയച്ചതാണെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.’ന്യൂസ് 18′ ചാനലിന് ഈയിടെ നൽകിയ അഭിമുഖത്തിലാണ് തന്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ ജൈവികമായ ഒന്നാണെന്ന ധാരണയായിരുന്നു ജനനത്തെക്കുറിച്ച് തനിക്കുണ്ടായിരുന്നതെന്നും മാതാവിന്റെ വിയോഗ ശേഷമാണ് താൻ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഊർജ്ജം ജൈവികമായ ശരീരത്തിൽ നിന്ന് ഉണ്ടാകാൻ കഴിയില്ലെന്നും ചിലത് നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ദൈവം ഊർജ്ജം നൽകി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന ബോധ്യം ഉടലെടുത്തതെന്നും പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമന്ത്രി.
ലോക ചരിത്രം നാം വീക്ഷിക്കുമ്പോൾ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനും പ്രയോഗത്തിനും ഫാസിസ്റ്റ് ഭരണകൂടം എക്കാലവും ഉപയോഗപ്പെടുത്തിയിട്ടുള്ളത് അതി വൈകാരികതയിലധിഷ്ഠിതമായ സങ്കുചിത വാദങ്ങളായിരുന്നുവെന്ന് കാണാൻ കഴിയും. ആര്യൻ വംശത്തിന്റെ നിസ്തുല്യത ജർമനിയിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജർമനിയിലെ ഇതര വിഭാഗങ്ങളുമായി ആര്യന്മാർ കൂടിക്കലരാൻ പാടില്ലെന്നും ഹിറ്റ്‌ലർ തന്റെ ആത്മ കഥയായ ‘മെയിൻ കാംഫിൽ ‘പറയുന്നത് ചരിത്ര ദുർവ്യാഖ്യാനപദ്ധതിയെ ആശ്രയിച്ചുകൊണ്ടുള്ള ഈ സങ്കുചിത വാദത്തിന്റെ അനന്തര ഫലമായിരുന്നുവെന്ന് കാണാൻ കഴിയും.
രാജ്യം ശുദ്ധീകരിക്കപ്പെടണമെങ്കിൽ ചില വിഭാഗങ്ങളെ നിർമൂലനം ചെയ്യുകയോ അടിമളാക്കി മാറ്റുകയോ ചെയ്യേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ച് 1933ൽ ഭരണത്തിൽ വന്നത് മുതൽ തന്റെ ഹിഡൻ അജണ്ടകൾക്ക് തുടക്കം കുറിക്കുകയും ‘മെയിൻ കാംഫി’ൽ ശത്രുക്കളായി വിലയിരുത്തിയ കമ്മ്യൂണിസ്റ്റുകൾ, ജനാധിപത്യവാദികൾ, യഹോവസാക്ഷികൾ എന്നിവരടക്കമുള്ളവരെ ജർമനിയുടെ വിവിധ ഭാഗങ്ങളിലെ തടങ്കൽ പാളയങ്ങളിലടച്ച് പീഡിപ്പിക്കുകയുമായിരുന്നു ഹിറ്റ്ലർ. ആർ എസ് എസ് അതിന്റെ ആശയ സംഹിതകളെയും കേഡർ സംഘടനാരൂപത്തെയും വളർത്തിയെടുത്തത് ഹിറ്റ്‌ലറിന്റെ ആര്യ മേധാവിത്വ വാദത്തിലധിഷ്ഠിതമായ മനുഷ്യത്വ വിരുദ്ധ പ്രത്യയ ശാസ്ത്രത്തിൽ നിന്നാണെന്ന് കാണാൻ കഴിയും. ഹിറ്റ്‌ലറുടെ നാസിസിദ്ധാന്തങ്ങളെ ആദർശമാതൃകയായി ഉയർത്തിക്കാട്ടുന്ന 1939-ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറുടെ ‘നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു.
‘‘ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം. ഹിന്ദുവംശത്തെയും സംസ്‌കാരത്തെയും അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കുകയെന്നതല്ലാതെ മറ്റൊരാശയവും വെച്ചുപൊറുപ്പിക്കരുത്. എന്നുമാത്രമല്ല അവർ പ്രത്യേക അസ്ഥിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുകയും അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും കീഴടങ്ങിയ ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേഷ അവകാശത്തിനും അർഹതയില്ലാതെയും -പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം” (“നമ്മൾ അഥവാ, നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു”). മുൻപ് രാമ ക്ഷേത്ര നിർമ്മാണത്തിന്നായുള്ള ഭൂമി പൂജ ചടങ്ങിനിടെ ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭഗവത് ചൊല്ലിയ മനു സ്മൃതിയിലെ വചനങ്ങൾ ഈയവസരത്തിൽ ഓർത്തു പോകുന്നു
“‘ഏതദ്ദേശ പ്രസൂതസ്യ സകാശാദഗ്രജന്മനഃ
സ്വം സ്വം ചരിത്രം ശിക്ഷേരൻ പൃഥിവ്യാം സർവമാനവാഃ”
(മനുസ്മൃതി അധ്യായം 2 ശ്ലോകം 20)
മനുസ്മൃതി രണ്ടാം അധ്യായത്തിലെ ഇരുപതാം ശ്ലോകമാണ് മോഹൻ ഭഗവത് ഉച്ചരിച്ചത്.
“ഈ ദേശത്തു ജനിച്ച ബ്രാഹ്മണന്റെ അടുത്തുനിന്നും ഭൂമിയിലുള്ള സകല മനുഷ്യരും താന്താങ്ങളുടെ ധർമ്മം ഗ്രഹിച്ചുകൊള്ളേണ്ടതാണ് “എന്നാണ് പ്രസ്തുത ശ്ലോകത്തിന്റെ അർത്ഥം. ഇവിടെ സൂചിപ്പിച്ച ദേശങ്ങൾ ഏതാണെന്നറിയണമെങ്കിൽ മുൻ ശ്ലോകങ്ങൾ കൂടി പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. പത്തൊൻപതാം ശ്ലോകം ഇപ്രകാരം പറയുന്നു
“കുരുക്ഷേത്രം ചമത്സ്യാശ്ച പാഞ്ചാലശ്ശൂരസേനകാ :
ഏഷ ബ്രഹ്മർഷി ദേശോവൈ ബ്രഹ്മാവർത്താദനന്തര : “
“കുരുക്ഷേത്രം, മത്സ്യ ദേശം, പാഞ്ചാല ദേശം, ഉത്തര മധുര ദേശങ്ങൾ ബ്രഹ്മർഷികൾ വസിക്കുന്ന ഇടമാണ്. ഈ സ്ഥലങ്ങൾ ബ്രഹ്മവർത്ത ദേശങ്ങളോളം ശ്ലാഘ്യങ്ങളാണ് ” കുരുക്ഷേത്രാദി ദേശങ്ങളിൽ ജനിച്ചു വളർന്ന വേദപണ്ഡിതന്മാരായ ബ്രാഹ്മണർക്കു മാത്രമേ ഉപദേശിക്കാനുള്ള അർഹതയുള്ളൂ എന്ന പ്രഖ്യാപനം ദൈവം മന്ത്രത്തിന്നതീനനും മന്ത്രം ബ്രാഹ്മണനനതീനവുമെന്ന് രേഖപ്പെടുത്തിയുള്ള ആര്യന്മാരുടെ ആധിപത്യ വ്യാമോഹത്തിൽ നിന്നുമുടലെടുത്ത കൗശല ബുദ്ധിയാണ്.
ജനാധിപത്യ ഭരണ സംവിധാനങ്ങളെപാടെ നിരാകരിക്കുകയും മാനവികതയുടെയുംമതനിരപേക്ഷതയുടേതുമായ ആധുനികമൂല്യങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന ഫാസിസ്റ്റുകൾ മതരാഷ്ട്രപദ്ധതിയുടെ നിർവ്വഹണശ്രമങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തുന്ന പതിവ് രാഷ്ട്രീയ നെറികേടുകളുടെ ഒടുവിലത്തെ ഉദാഹരണമാണ് താൻ ദൈവത്താൽ നിയുക്തനായതാണെന്ന മോദി വാദം. ഭരണഘടനയും അത് മുന്നോട്ട് വയ്ക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളുമുയർത്തിപ്പിടിച്ചു കൊണ്ടുള്ള ആശയ പ്രചരണങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രമേ പ്രതിരോധം സാധ്യമാകൂ!