Friday, November 22, 2024
spot_imgspot_img
HomeIndiaതുക്‌ഡെ തുക്‌ഡെ ഗ്യാങ്, അര്‍ബന്‍ നക്‌സല്‍, ഇന്ത്യന്‍ മുജാഹിദീന്‍; ഒരു പ്രധാനമന്ത്രി പ്രതിപക്ഷത്തെ ബഹുമാനിക്കുന്നവിധം!

തുക്‌ഡെ തുക്‌ഡെ ഗ്യാങ്, അര്‍ബന്‍ നക്‌സല്‍, ഇന്ത്യന്‍ മുജാഹിദീന്‍; ഒരു പ്രധാനമന്ത്രി പ്രതിപക്ഷത്തെ ബഹുമാനിക്കുന്നവിധം!

പ്രതിപക്ഷ ഐക്യത്തില്‍ വിറളിപൂണ്ട പ്രധാന മന്ത്രി നരേന്ദ്ര മോദി വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുന്ന അവസ്ഥയിലാണ്. ഭീകരവാദ സംഘടനകളുമായി ഇന്ത്യയുടെ പ്രതിപക്ഷ ഐക്യത്തെ താരതമ്യപ്പെടുത്താനാണ് മോദി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശ്രമിച്ചത്. രാജ്യത്തുടനീളം കലാപങ്ങളും അക്രമങ്ങളും ഉയര്‍ത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതിപക്ഷ ശബ്ദം ഉയരുമ്പോള്‍ തീവ്രവാദ സംഘടനകളോട് ഉപമിച്ച് ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയെന്നത് മോദിയുടെ സ്ഥിരം കുതന്ത്രമാണ്.

മണിപ്പൂര്‍ കത്തിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ ഒളിച്ചിരുന്ന മോദി, രാജ്യത്ത് പ്രതിപക്ഷ ഐക്യം ഉണ്ടായതറിഞ്ഞപ്പോള്‍, ഭയന്നുവിറച്ചു. അതിന്റെ വിറയലില്‍, പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്തുക എന്ന ആയുധം ആദ്യം പുറത്തെടുത്ത മോദി, ഇതിന് പിന്നാലെ സ്ഥിരം തുറുപ്പുചീട്ടായ വര്‍ഗീയ വിഷം തുപ്പിത്തുടങ്ങി.

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഉടനെ വിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ അധികാരത്തിലേറിയത് മുതല്‍ മോദിക്കും ബിജെപിക്കും ഒരൊറ്റ വഴിയേയുള്ളു. പ്രതിപക്ഷ നേതാക്കളെ വര്‍ഗീയ ചാപ്പയടിച്ചു വ്യക്തിഹത്യ നടത്തുക. ഇടതുപക്ഷത്തെ സ്ഥിരമായി അവഹേളിക്കാന്‍ മോദി ഉപയോഗിച്ചിരുന്ന വാക്ക് തുക്‌ഡെ തുക്‌ഡെ ഗ്യാങ് എന്നായിരുന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ സ്ഥിരമായി പപ്പു എന്നു വിളിച്ചു. സിപിഐ നേതാക്കളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി. രാജ്യത്തെ സര്‍വകാശാലകളിലെ വിദ്യാര്‍ഥികളെ അര്‍ബന്‍ നക്‌സലുകളാക്കി. കേരളത്തെ സോമാലിയയാക്കി. അങ്ങനെ എത്രയെത്ര അവഹേളനങ്ങള്‍ മോദി തനിക്കെതിരെ രാഷ്ട്രീയം സംസാരിക്കുന്നവര്‍ക്കെതിരെ നടത്തി. രാഷ്ട്രീയത്തിന് രാഷ്ട്രീയമായി മറുപടി പറയാന്‍ അറിയാത്തൊരു വിടുവായനാണ് നമ്മുടെ പ്രധാനമന്ത്രി. നാഴികയ്ക്ക് നാല്‍പ്പതുവട്ടം മോദി മോദി എന്ന് സ്വയം ഉച്ഛരിക്കുന്ന വര്‍ഗീയവാദികളുടെ കണ്ണിലുണ്ണിയായ ഈ നേതാവിന് ഔചിത്യബോധം തീരെയില്ല.

പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തിയ പ്രസ്താവന ഇതിനെല്ലാം ഉദാഹരണങ്ങളാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെല്ലാം ഇന്ത്യ എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേര് ഇതുപോലെ ഒന്നു മാത്രമാണെന്നാണ് മോദിയുടെ വാദം. പ്രതിപക്ഷത്തിന് ദിശാബോധമില്ല. ഇന്ത്യ എന്ന പേരിട്ടുകൊണ്ട് രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്നും മോദിയുടെ വാദം.

ഇനിയെത്ര കപട വാദങ്ങളുയര്‍ത്തിയാലും ജനങ്ങള്‍ നരേന്ദ്ര മോദിയുടേയും ബിജെപിയുടെയും വര്‍ഗീയ സര്‍ക്കാരിനെ താഴെയിറക്കുക തന്നെ ചെയ്യും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares