Friday, November 22, 2024
spot_imgspot_img
HomeOpinionവിദ്യാർത്ഥികൾ തെരുവിൽ, തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ മോദി നടത്തുന്ന 'ആർഎസ്എസ് പ്രാണപ്രതിഷ്ഠ'

വിദ്യാർത്ഥികൾ തെരുവിൽ, തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ മോദി നടത്തുന്ന ‘ആർഎസ്എസ് പ്രാണപ്രതിഷ്ഠ’

ജെസ്ലോ ഇമ്മാനുവൽ ജോയ്

വിദ്യാഭ്യാസമുള്ള സമൂഹം എന്നത് ഒരു ജനസംഖ്യയുടെ ഗണപരമായ സവിശേഷതയാണ്. ഇന്ത്യയെ പോലെ വലിയ ഒരു ജന സമൂഹം വസിക്കുന്ന ഒരു നാട്ടിൽ, വിദ്യാർത്ഥികളും, യുവാക്കളും എന്നത് അമൂല്യമായ വൈഭവങ്ങളാണ്. അത് കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ രൂപപ്പെടുത്താൻ കൊണ്ടുവന്ന പഞ്ചവത്സര പദ്ധതികളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായി വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയത്. മൗലാനാ അബ്ദുൾ കലാം ആസാദ് എന്ന വിദ്യാഭ്യാസ മന്ത്രിയും, ശാസ്ത്ര അവബോധത്തിൻ്റെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച ജവഹർലാൽ നെഹ്റു എന്ന പ്രഥമ പ്രാധാന മന്ത്രിയും ചേർന്ന് ഈ ലക്ഷ്യം നിറവേറ്റാൻ വേണ്ടി ഐഐടികളും, ഐഐഎമുകളും സ്ഥാപിച്ചു. റിസർച്ച് മേഖലയിൽ സി. എസ്. ഐ. ആർ. ഉയർന്ന് വന്നതും ഈ കാലഘട്ടത്തിലാണ്.

എഴുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം, ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ എത്തി നിൽക്കുമ്പോൾ രാഷ്ട്രീയത്തിൽ മതം കലർത്തി വോട്ട് പിടിക്കുന്നവർ ഭരണത്തിലേറി ശാസ്ത്ര സത്യങ്ങൾക്ക് പകരം പുരാണങ്ങളെ പ്രതിഷ്ഠിച്ചിരിക്കുകയാണ് മോദിയുടെ ” രാമ രാജ്യത്ത്”. ന്യൂനപക്ഷങ്ങളുടെ സ്കോളർഷിപ്പുകൾ നിർത്തലാക്കുന്നത് മുതൽ പുതിയ വിദ്യാഭ്യാസ നയം എന്ന പേരിൽ ടെക്സ്റ്റ്ബുക്കുകൾ കാവിവൽക്കരിക്കുന്നത് വരെ നീളുന്നു സംഘ പരിവാർ സർക്കാരിൻ്റെ “ആത്മ നിർഭരമായ ” ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ ചെയ്തികൾ.

കാവിവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖല

കഴിഞ്ഞ വർഷം കേരള നിയമ സഭ സ്പീക്കറായ എ. എൻ. ഷംസീർ ഒരു പരിപാടിയിൽ വച്ച് ടെക്സ്റ്റ് ബുക്കുകളിൽ കടന്ന് കൂടുന്ന ഹിന്ദുത്വ അജണ്ടകളെ കുറിച് പറയുകയുണ്ടായി. എന്നാൽ സ്പീക്കർ പറഞ്ഞതിനെ വളച്ചൊടിച്ച് ഹിന്ദുക്കൾക്ക് എതിരെയുള്ള ആക്രമണം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. കുറച്ച് മാസങ്ങൾക്ക് ശേഷം പുഷ്പക വിമാനത്തെ ലോകത്തെ ആദ്യത്തെ വിമാനം എന്ന നിലയിലുള്ള വാചകങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ചന്ദ്രയാനെ കുറിച്ചുള്ള റീഡിംഗ് മെറ്റീരിയൽ പുറത്തിറക്കുന്ന എൻ. സി. ആർ. ടിയെയാണ് നമുക്ക് കാണാൻ സാധിച്ചത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, 2014 – ൽ തൻ്റെ പ്രസംഗത്തിൽ ഗണപതിയാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് സർജറിക്ക് വിധേയമായ വ്യക്തി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുടെ ബാക്കി പത്രം മാത്രമാണിത്. Scientific Temper എന്ന പദം ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തി കൊടുത്ത ജവഹർലാൽ നെഹ്റു എന്ന പ്രധാനമന്ത്രിയിൽ നിന്നുമാണ് മോദി എന്ന ഹിന്ദുത്വ വാദിയിലേക്കുള്ള ഇന്ത്യയുടെ പതനം. മുഗൾ ഭരണവും, ഡൽഹി സുൽത്താനേറ്റും ചരിത്ര പാഠഭാഗങ്ങളിൽ നിന്നും ഏതാണ്ട് മുഴുവാനായും ഒഴിവാക്കി കൊണ്ടുള്ള ടെക്സ്റ്റ് ബുക്കുകൾ ഇറക്കിയിരിക്കുകയാണ് എൻ. സി. ആർ. ടി. ഗാന്ധി വധത്തിൽ നിന്നും ” ഗാന്ധി മരണത്തിലേക്കുള്ള ” ചരിത്ര പാഠ പുസ്തകങ്ങളുടെ പരിണാമവും, ഇതേ പാഠ ഭാഗത്ത് നിന്നും നാഥുറാം ഗോഡ്സെ എന്ന പേരിൻ്റെ ഒഴിവാക്കലുമെല്ലാം ഇതേ കാവി അജണ്ടയുടെ ഭാഗമാണ്.

ചരിത്രം എന്നത് ഒരു നാടിന് കുറിച്ചുള്ള അറിവാണ്, മുഗൾ ചരിത്രം പഠിക്കാതെ ഒരു വിദ്യാർത്ഥിക്ക് എങ്ങനെയാണ് തെക്കൻ ഏഷ്യയുടെ മധ്യ കാലഘട്ട ചരിത്രം മനസ്സിലാക്കാൻ സാധിക്കും? ചരിത്രത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അത് തിരുത്തപ്പെടണം, പഠനത്തിന് വിധേയമാക്കി തിരുത്തലുകൾ നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരണം. എന്നാൽ ഇന്ത്യയുടെ സംസ്കാരത്തിന് വളരെ അധികം സംഭാവനകൾ നൽകിയ, മികച്ച വാസ്തു വൈവിധ്യങ്ങൾ അടങ്ങിയ സ്മാരകങ്ങൾ സമ്മാനിച്ച ഒരു ചരിത്രത്തെ മുസ്ലീം വിഭാഗത്തിൽ പെട്ടു എന്നതിൻ്റെ പേരിൽ മാറ്റി നിർത്തപ്പെടുന്നത് മതേതര രാഷ്ട്രത്തിന് ചേർന്ന രീതിയല്ല. ഇത്തരം തിരുത്തലുകളിലൂടെ തീവ്ര വലത് ചിന്താഗതികൾ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലേക്ക് കുത്തി വയ്ക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിലൂടെ ആർഎസ്എസിൻ്റെ വിഷ വിത്തുകൾ പകാൻ തരത്തിലുള്ള ശാസ്ത്ര ബോധമില്ലാത്ത സങ്കോച മനസ്ഥിതിയുള്ള നാളെയുടെ പൗരന്മാരായ വിദ്യാർത്ഥികളെ ഇവർ സൃഷ്ടിക്കുന്നു.

വിവേചന ബുദ്ധിയുടെ ഉന്നത വിദ്യാഭ്യാസം

സർവകലാശാലകൾ ഒരു സമൂഹത്തിൻ്റെ കളി തൊട്ടിലുകളാണ്. നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്ന ഒരു രാജ്യത്തിൻ്റെ ” വൈഭവ ഫാക്ടറികൾ “. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ മുഖ മുദ്രകളായിരുന്ന നമ്മുടെ സർവകലാശാലകൾ ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നുഴഞ്ഞ് കേറിയ ഹിന്ദുത്വ അജണ്ടകൾ മൂലം തീവ്ര വലതിൻ്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇതിൻ്റെ ഒരു ഉദാഹരണമാണ് ഇന്ത്യൻ നോളേജ് സിസ്റ്റത്തിൽ നടത്തിയ കൈ കടത്തൽ. ഈ പാഠ്യ പദ്ധതിയിൽ നിർബന്ധമായും പഠിക്കേണ്ട വിഷയങ്ങൾ എന്ന വിഭാഗത്തിൽ കസ്തൂരിരംഗൻ കമ്മീഷൻ മുന്നോട്ട് വച്ചത് ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനങ്ങൾ, സാങ്കേതികവിദ്യകൾ, ചികിത്സാരീതികൾ, ഗോത്രവർഗങ്ങളുടേതടക്കമുള്ള തദ്ദേശീയ ജ്ഞാനം എന്നിവ ആണെങ്കിൽ കേന്ദ്രസർക്കാർ ചെയ്തത് അതിനെ മാറ്റിനിർത്തി പുരാണേതിഹാസങ്ങളും സ്മൃതികളും ഭഗവദ്ഗീതയും മറ്റുമാണ്. ഇത്തരം നയങ്ങൾ നടപ്പാക്കുവാനും, അടിച്ചേൽപ്പിക്കാനും സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ആർഎസ്എസ്സുകാരെ വീസിമാരായി കെട്ടി ഇറക്കുകയും അവരിലൂടെ ഇതേ മനോഭാവമുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു.

മറ്റ് പലതിനും പണം കണ്ടെത്തുകയും നികുതി വിഹിതം വെട്ടി കുറച്ചും ഫണ്ട് ഉണ്ടാക്കുന്ന കേന്ദ്ര സർക്കാരിന് പക്ഷേ ന്യൂനപക്ഷ സ്കോളർഷിപുകൾക്ക് കൊടുക്കാൻ കാശില്ല. മുസ്ലീം വിഭാഗത്തിലുള്ള എം. ഫിൽ, പി.എച്ച്.ഡി. വിദ്യാർത്ഥികൾക്കുള്ള മൗലാനാ അബ്ദുൾ കലാം ആസാദ് സ്കോളർഷിപ് ഒരു കാരണവും കൂടാതെയാണ് നിർത്തലാക്കിയത്, അതുപോലെ തന്നെ പ്രീമെട്രിക് പഠനത്തിന് വേണ്ടിയുള്ള ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പും നിർത്തലാക്കിയിരിക്കുകയാണ്. തങ്ങളുടെ ഭൂരിപക്ഷ സവർണ്ണ മേലാളന്മാരെ സന്തോഷിപ്പിക്കുന്നതിനായി EWS പോലുള്ള സംവിധാനങ്ങൾ കൊണ്ട് വരികയും അതേ സമയം ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങളെ വെട്ടി കുറയ്ക്കുകയും ചെയ്യുന്ന വിവേചനപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത് സൃഷ്ടിക്കുന്നത് ജനനം തന്നെ ഒരു തെറ്റായി തോന്നി ആത്മഹത്യയിൽ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്ന രോഹിത് വെമുലമാരേയാണ്.

ഐക്യത്തിൻ്റയും സാഹോദര്യത്തിൻ്റെയും കാലാലയങ്ങളിൽ മത രാഷ്ട്രീയത്തിൻ്റെയും തീവ്ര ദേശീയതയുടെയും വിത്തുകൾ പാകാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് എ. ബി. വി. പിയേ പോലുള്ള ഹിന്ദുത്വ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയാണ്. പലപ്പോഴും അരാഷ്ട്രീയതയുടെ മുഖം മൂടി അണിഞ്ഞ് ഇവർ ഇവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നു. ജെ. എൻ. യൂവിൽ ഓണമാഘോഷിക്കുന്നത് വിലക്കുന്നതും, കോളേജുകളിൽ മാംസാഹാരം അനുവദിക്കാത്തതും എല്ലാമാണ് ഇവരുടെ ” രാഷ്ട്രീയ പ്രവർത്തനം “. ബാബറി മസ്ജിദ് തകർത്ത് ഇന്ത്യയുടെ മതേതര മൂല്യങ്ങളിന്മേൽ ആണി അടിക്കുവാനയി ബിജെപി രഥയാത്ര നടത്തിയപ്പോൾ, പ്രതിഷേധ ശബ്ദവുമായി എത്തിയത് ഇടത് വിദ്യാർത്ഥി സംഘടനകളാണ്, ഇന്ന് മതേതരത്വം എന്ന മൂല്യം മരണത്തോട് മല്ലിടുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമായി എബിവിപി പോലുള്ള വർഗീയ വാദികൾക്ക് എതിരെ പ്രതിരോധം സൃഷ്ടിക്കുന്നത് ഇതേ ഇടത് പക്ഷ വിദ്യാർഥി സംഘടനകളാണ്.

വെൻ്റിലേറ്ററിൽ കിടക്കുന്ന റിസർച്ച് മേഖല

ബിജെപി സർക്കാരിൻ്റെ പ്രധാനപ്പെട്ട ആപ്ത വാക്യങ്ങൾ ഒന്നാണ്, ” മെയ്ക് ഇൻ ഇന്ത്യ “. എന്നാൽ പരസ്യ വാചകം യാഥാർത്ഥ്യമാക്കാൻ വേണ്ട പരീക്ഷണങ്ങളും മറ്റ് ഗവേഷണങ്ങളും നടത്തേണ്ട റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് മേഖല അതിൻ്റെ അവസാന ശ്വാസം വലിച്ച് കിടക്കുകയാണ്.
” മോദിയുടെ രാമരാജ്യത്ത് ” റിസർച്ച് മേഖലയ്ക്ക് ചിലവാക്കുന്നത് ജിഡിപിയുടെ ഒരു ശതമാനമാണ്. പ്രാസമൊപ്പിച്ച് പരസ്യ വാചകങ്ങളുടെ രൂപത്തിൽ പേരിട്ട് അനേകം പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും – റിസർച്ച് മേഖലയും യോജിച്ച് ഇവ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്. കേന്ദ്ര ഫണ്ടുകളുടെ ക്ഷാമവും, ഗവേഷണ പ്രവർത്തനങ്ങൾക്ക് വേണ്ട പരിഗണനയും ലഭിക്കാത്തതിനാൽ റിസർച്ച് മേഖലയിലെ മികച്ച പ്രതിഭകൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യമാണ് ഉള്ളത്. അത് കൊണ്ട് തന്നെ ഇന്ത്യൻ റിസർച്ച് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്, ” brain drain ” എന്ന അവസ്ഥ. യുവജനങ്ങൾ
ജനസംഖ്യയുടെ വലിയ ഒരു വിഭാഗം ഉണ്ടായിട്ടും ഇന്ത്യയെ പോലൊരു രാജ്യത്തിന് മികച്ച ഒരു റിസർച്ച് ശക്തി കേന്ദ്രമാവാൻ സാധിക്കാത്തത് ദൈനീയമായ ഒരു സ്ഥിതിവിശേഷമാണ്. ഒടുവിൽ, രാജ്യത്തെ പല മേഖലകളും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന ബിജെപി സർക്കാർ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് മേഖലയേയും വിറ്റ് തുലയ്ക്കാൻ ഉള്ള ശ്രമത്തിലാണ്.

നാഷനൽ റിസർച് ഫൗണ്ടേഷൻ ( എൻ. ആർ. എഫ്.) ബിൽ 2023. ഈ ബിൽ പ്രകാരം ഇനി മുതൽ ഇന്ത്യയിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഫണ്ടിങ്ങുകൾ മിക്കവാറും വഹിക്കുക സ്വകാര്യ സ്ഥാപനങ്ങളായിരിക്കും, മാത്രമല്ല മുൻപ് പല ഏജൻസികളെ റിസർച്ച് പ്രോപോസലുമായി ഫണ്ടിങ്ങിന് വേണ്ടി സമീപിക്കാൻ സാധിച്ചിരുന്നു എങ്കിൽ പുതിയ ബിൽ പ്രകാരം ഫണ്ടിംഗുകൾ എല്ലാം തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വം തലപ്പത്ത് ഇരിക്കുന്ന എൻ. ആർ. എഫായിരിക്കും. ഗോമൂത്രവും, ചാണകവും, അടങ്ങുന്ന പഞ്ച്ഗവ്യ “പശു ശാസ്ത്രത്തെ ” കാര്യ ഗൗരവമായ ഗവേഷണം എന്ന് കരുതുന്ന ആർഎസ്എസ് – ഹിന്ദു പരിഷത്ത് നേതാക്കളാണ് ഈ നേതൃത്വം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചുരുക്കി പറഞ്ഞാൽ ഐസിയുവിൽ കിടന്ന റിസർച്ച് മേഖലയെ ബിജെപി വെൻ്റിലേറ്ററിലേക്ക് എത്തിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഉപസംഹാരം

” Educate, agitate, organize” ഭരണഘടന ശില്പിയായ ഡോ. ബി. ആർ. അംബേദ്കറിൻ്റെ പ്രസക്തമായ ഒരു ആഹ്വാനമാണിത്. അതിൽ ആദ്യം വരുന്നത് educate; വിദ്യാഭ്യാസം നേടുക. ഉച്ചനീചത്വങ്ങൾ നിറഞ്ഞ ഏതൊരു ഭരണകൂടത്തെയും താഴെ ഇറക്കാൻ ആദ്യം ചെയ്യേണ്ടത് ജനങ്ങൾ മികച്ച വിദ്യാഭ്യാസം നേടി, ചിന്താശേഷി ഉള്ളവരാകുക എന്നതാണ്. ബിജെപി ഭയക്കുന്നതും ഇത് തന്നെയാണ്, മത ചിന്തകൾ കുത്തി നിറച്ച് അവർ ഭാവി പൗരന്മാരുടെ ചിന്താശേഷി നഷ്ടപ്പെടുത്തുന്നു. അരാഷ്ട്രീയത കുത്തി നിറച്ച് തങ്ങളുടെ ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കാൻ വേണ്ടി അവരെ പ്രതികരണ ശേഷി ഇല്ലാത്ത മൗനികളാക്കുന്നു. കണക്കുകളും അത് തന്നെയാണ് പറയുന്നത്, ഇന്ത്യൻ വോട്ട് ബാങ്കായ ഗ്രാമ പ്രദേശങ്ങളിൽ എഴുതാനും വായിക്കാനും അറിയുന്നവർ ശതമാനാടിസ്ഥാനത്തിൽ വളരെ കുറവാണ്. കേരളം വിട്ട് യുവാക്കൾ ഓടി പോകുന്നു എന്നാണ് വലത് പക്ഷ ആരോപണം എന്നാൽ ഇവരാരും മറ്റ് സംസ്ഥാനങ്ങളിലേക്കല്ല കുടിയേറുന്നത്, പകരം ഇന്ത്യ തന്നെ വിട്ട് ഓടുകയാണ്. ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയവരുടെ ഇടയിൽ രൂക്ഷമായ തൊഴിലിലായ്മയാണ് നില നിൽക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷേ നമ്മുടെ പ്രധാനമന്ത്രി ഇത് കണ്ട മട്ടില്ല അദ്ദേഹം ” രാമ രാജ്യത്തിന് ” വേണ്ടിയുള്ള പ്രാണപ്രതിഷ്ഠയുടെ തിരക്കിലാണ്.

(അഭിപ്രായം വ്യക്തിപരം)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares