കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ മൂന്നു ദിവസം മുൻപത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഉച്ചയ്ക്ക് 2.31 നാണ് വെള്ള സ്വിഫ്റ്റ് കാർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്കായിരുന്നു യാത്ര.
കൊല്ലം ഓയൂരിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘം കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടിരുന്നതായി സംശയം. കേരളം ഞെട്ടിയ തട്ടിക്കൊണ്ടുപോകൽ നടന്ന അതേ ദിവസം പ്രതികൾ സഞ്ചരിച്ച കാർ കല്ലമ്പലം പള്ളിക്കലിൽ കുട്ടിയെ ലക്ഷ്യംവച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഓയൂരിലെ കുഞ്ഞിനെ കൊണ്ടുപോയ അതേ കാറാണ് തിങ്കളാഴ്‌ച പകൽ മൂന്നരയോടെ തിരുവനന്തപുരം–- കൊല്ലം അതിർത്തി ഗ്രാമമായ പള്ളിക്കലിലെത്തിയത്. അമ്മയ്‌ക്കൊപ്പം നടന്നുവന്ന പെൺകുട്ടി കുറച്ച് മുന്നിലായി ഓടി. കുറച്ചുദൂരം പോയശേഷം അമ്മയെ കാത്തുനിൽക്കുമ്പോഴാണ് കാർ എത്തിയത്. കുട്ടിയെ കണ്ട് കാർ വേഗം കുറച്ചു. അമ്മയെയും ഒപ്പമുള്ളയാളെയും കണ്ടതോടെ കാർ മൂതല ഭാഗത്തേക്ക് ഓടിച്ചുപോയി. രണ്ടു മിനിറ്റിനുശേഷം കുട്ടി നിന്നിടത്ത് കാർ വീണ്ടുമെത്തി.
കാറിന്റെ മുൻസീറ്റിൽ ഒരു സ്ത്രീയാണ് ഇരുന്നിരുന്നത്. കുട്ടിയെ കാണാതായതോടെ ഇവർ പള്ളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ കാറിൽ ഉണ്ടായിരുന്നവർതന്നെയാണ് ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കരുതുന്നു. രണ്ടു പ്രദേശവും തമ്മിൽ 10 കിലോമീറ്റർ മാത്രമാണ് വ്യത്യാസം. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച കാർ പല കുട്ടികളെയും ലക്ഷ്യമിട്ടശേഷമാണ് ഓയൂരിലെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കല്ലമ്പലം, പള്ളിക്കൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാത്തന്നൂരിനു സമീപത്തുനിന്ന് പ്രതികളുടെ മുഖം വ്യക്തമാകുന്ന തരത്തിൽ കാറിന്റെ ദൃശ്യം ലഭിച്ചതായി സൂചന. സംഭവത്തിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി കുട്ടിയെ താമസിപ്പിച്ച വീട്ടിൽ ‘രണ്ട് ആന്റിമാർ’ ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴിനൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം പാരിപ്പള്ളി, പരവൂർ, ചിറക്കരഭാഗം കേന്ദ്രീകരിച്ചാണ് ഒളിവിൽ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം. ഇവിടങ്ങളിൽ തിരച്ചിൽ ശക്തമാക്കി. കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി വിവരമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ഊർജിതമാക്കി.