കൊച്ചി:രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇഡിയുടെ സഹകരണത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടത്തുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ എന്നിവരടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. അതേസമയം, പത്ത് സംസ്ഥാനങ്ങളിൽ പരിശോധന നടക്കുകയാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധനയെന്നുമാണ് എൻഐഎ വിശദീകരണം. സംസ്ഥാനത്ത് പുലര്‍ച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി , എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായാണ് റെയ്ഡ് ആരംഭിച്ചത്.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നടന്ന റെയ്ഡില്‍ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളടക്കം ഒന്‍പതു പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു.സംസ്ഥാനത്തുനിന്ന് 13 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടില്‍നിന്ന് പെന്‍ഡ്രൈവ് പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു.
കോട്ടയം ജില്ലയില്‍ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു. പത്തനംതിട്ടയില്‍ ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കല്‍ സാദിഖിന്റെ വീട്ടിലും അടൂര്‍, പറക്കോട് മേഖല ഓഫിസിലുമാണ് റെയ്ഡ്. സാദിഖിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ താണെയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.
റെയ്ഡിനെതിരെ പത്തനംതിട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.