ടി കെ മുസ്തഫ വയനാട്
വിഖ്യാത ഇസ്രയേൽ ചരിത്രകാരനും കടുത്ത സയണിസ്റ്റ് വിരുദ്ധനുമായ പ്രൊഫസർ ഇയാൻ പാപ്ലെ ഇസ്രയേൽ രൂപവത്കരണത്തിന്റെ അൻപതാം വാർഷികത്തിൽ രചിച്ച ‘Ten Myths About Isreal’ എന്ന പുസ്തകത്തിൽ അധിനിവേശ ഭീകരതക്കുള്ള സയണിസ്റ്റ് വാദ ഗതികളെയും ന്യായങ്ങളെയും പഠന വിധേയമാക്കുകയും തുടർന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ പ്രസ്തുത വാദഗതികളെയെല്ലാം വസ്തു നിഷ്ഠമായി ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്.
നൂറ്റാണ്ടുകളായി തങ്ങൾ ആധിപത്യം സ്ഥാപിച്ച് കീഴടക്കിയവരുടെ അതിജീവന പോരാട്ടത്തെ ഭീകരവാദമായി ചിത്രീകരിക്കുകയും ജന്മ നാട്ടിൽ നിന്ന് നിഷ്ഠൂരമായി ആട്ടിയോടിക്കപ്പെട്ട ഒരു ജന വിഭാഗം ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസ മുനമ്പിൽ തങ്ങൾ തന്നെ മുൻപ് ഒപ്പിട്ട ക്യാമ്പ് ഡേവിഡ് കരാറിന്റ ഭാഗമായി അനുഭവിച്ചു തീർക്കുന്ന ജീവിതത്തെ പോലും അസാധ്യമാക്കുന്ന വിധത്തിലുള്ള ബോംബ് വർഷത്തേയും സമസ്ത ജീവനോപാധികളുടെ ഉപരോധങ്ങളേയും തീവ്രവാദത്തിന്നെതിരായ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്ത്
പരിഷ്‌കൃത ലോകത്തിന് അപമാനകരമായ സാമ്രാജ്യത്വ അധിനിവേശത്തെ വെള്ള പൂശുകയാണ് ഉന്മൂലന തത്വങ്ങളാൽ പ്രചോദിതമായ സെറ്റ്ലർ കൊളോണിയലിസം.
ഇസ്രയേൽ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട ക്യാമ്പയിനുകളും പോർവിളികളും ചർചകളും സംവാദങ്ങളും മുൻപെങ്ങുമില്ലാത്ത വിധം ഇന്ന് നമ്മുടെ സാമൂഹ്യ മണ്ഡലത്തെ പ്രക്ഷുബ്ധമാക്കുന്നത് രാഷ്ട്രീയവും ഭൂമി ശാസ്ത്രപരവുമായ അപഗ്രഥനങ്ങളേക്കാൾ കടുത്ത ഇസ്ലാം വിരുദ്ധ പ്രചരണങ്ങളും തീവ്ര ഇസ്ലാമിക മറു വാദങ്ങളുമായുള്ള ആശയ സംഘർഷങ്ങളിലൂടെയാണെന്ന് തോന്നുന്നു. സാമ്രാജ്യത്വ വിരുദ്ധ സമീപനത്തിന്റെ ഭാഗമായുള്ള ഇരകളോടുള്ള ഐക്യപ്പെടലല്ല, മറിച്ച് മിത്തുകളെ കൂട്ടു പിടിച്ചും ചരിത്രപരതയെ തമസ്‌കരിച്ചുമുള്ള അപര മത വിദ്വേഷത്താൽ വേരുറച്ച അനാരോഗ്യകരവും അപകടകരവുമായ ചർചകളിൽ വ്യാപൃതരായി പക്ഷം ചേരാനാണ് പലർക്കും താല്പര്യം.
എന്ത് കൊണ്ടാണ് ഇസ്രായേൽ പലസ്തീൻ പ്രശ്‌നത്തിൽ രാഷ്ട്രീയ കാരണത്തെക്കാൾ കൂടുതലായി പലപ്പോഴും ‘മതം’ ചർച്ചയാവുന്നത്? ഇസ്രായേൽ പലസ്തീൻ പ്രശ്‌നം തീർത്തും രാഷ്ട്രീയപരം മാത്രമാണോ? പരിശോധിക്കപ്പെടേണ്ടതുണ്ട്. വിശ്വാസികളുടെ പിതാവായി അറിയപ്പെടുന്ന അബ്രഹാമിന്റെ മകൻ ഇസഹാക്കും
ഇസഹാക്കിന്റെ മകൻ യാക്കോബും യാക്കോബിന്റെ പന്ത്രണ്ട് മക്കളുമടങ്ങുന്ന തലമുറ വലിയ ജനതയായി മാറുകയും ദൈവം അവർക്കായി ഒരു വാഗ്ദത്ത ഭൂമി ഒരുക്കിയിരിക്കുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. കാനാൻ ദേശം എന്നറിയപ്പെടുന്ന പ്രസ്തുത ദേശത്തേക്ക് ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ടു വന്നതായും പറയപ്പെടുന്നു.
ദൈവം തെരഞ്ഞെടുക്കപ്പെട്ട പ്രസ്തുത ജനതയാണ് ഇസ്രയേൽ എന്നും അവർക്ക് അവരുടെ ദൈവമായ യഹോവ വാഗ്ദത്തം ചെയ്ത ഭൂമിയാണ് ഇസ്രയേൽ എന്നും വിശ്വസിക്കപ്പെടുന്നു. ബൈബിളിലെ ഒന്നാം പുസ്തകം ഉല്പത്തിയിൽ
ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്തത്തെ വിവരിക്കുന്നുണ്ട്. ‘നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽ പോലെയും അത്യന്തം വർദ്ധിപ്പിക്കും. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങൾ കൈവശമാക്കും, നീ എന്റെ വാക്ക് അനുസരിച്ചത് കൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളി ചെയ്യുന്നു’
(ഉല്പത്തി 22:17,18)
ദൈവം തങ്ങളുമായി ഉടമ്പടി ചെയ്തിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ തങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നത് ദൈവിക ഉടമ്പടിയോടും അത് വഴി ദൈവത്തോടുമുള്ള നിഷേധമാണെന്നും വിശ്വസിക്കുന്ന ഇവർ ദൈവിക വാഗ്ദത്തതിന്റെ അവകാശികളായ തങ്ങൾക്ക് വേണ്ടി ദൈവം നിരന്തരം അത്ഭുതം പ്രവർത്തിക്കുന്നു എന്നും വേദ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ കരുതുന്നു.
‘എന്നാൽ ഈ കാലം കഴിഞ്ഞ ശേഷം ഞാൻ ഇസ്രായേൽ ഗ്രഹത്തോട് ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു,
ഞാൻ എന്റെ ന്യായ പ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും, ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കുമെന്ന് യഹോവയുടെ അരുളപ്പാട് ‘(യിരെമ്യാവ് 31:33)
ലോക ചരിത്രത്തിൽ ജൂതന്മാരുമായി ബന്ധപ്പെട്ട് നടന്ന പല സംഭവ വികാസങ്ങളെ സംബന്ധിച്ചും തങ്ങളുടെ മത ഗ്രന്ഥത്തിൽ കൃത്യമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെന്നും ദൈവത്തിന്റെ സ്വന്ത ജനമായ തങ്ങൾ ദൈവത്താൽ വേർ തിരിക്കപ്പെട്ടവരായതിനാൽ ദൈവം വലിയവ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വിശ്വാസം.
‘വരുവിൻ ഇസ്രായേൽ ഒരു ജാതിയായിരിക്കാത വണ്ണം നാം അവരെ മുടിച്ചു കളക, അവരുടെ പേര് ഇനി ആരും ഓർക്കരുത്, അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു നിനക്ക് വിരോധമായി സഖ്യത ചെയ്യുന്നു ‘
(സങ്കീർത്തനങ്ങൾ 83:4,5)-എന്ന വചനം 1967 ജൂൺ 5നും 10നുമിയിൽ ഇസ്രയേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധത്തെ സംബന്ധിച്ചുള്ള പ്രവചനമാണെന്നും ഇസ്രയേലിനെതിരെയുള്ള ശത്രുക്കളുടെ ഗൂഡാലോചന ദൈവം മുന്നേ വെളിപ്പെടുത്തുകയായിരുന്നുവെന്നും നല്ലൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്.
പ്രസ്തുത യുദ്ധത്തിൽ ഇസ്രയേൽ നേടിയ വിജയം ‘അവർ തേനീച്ച പോലെ എന്നെ ചുറ്റി വളഞ്ഞു, മുൾ തീ പോലെ കെട്ടുപോയി’ (സങ്കീർത്തനങ്ങൾ 118:12) തുടങ്ങി നിരവധിയിടങ്ങളിൽ കാണുന്ന വാക്യങ്ങൾ ആത്മികമായി പഠിക്കുമ്പോൾ
ബോധ്യപ്പെടുമെന്നും ദൈവം നൽകിയ വാഗ്ദത്തം നിമിത്തം ശത്രുക്കൾക്ക് അവരെ ജയിക്കാൻ കഴിയില്ലെന്നും വാദിക്കുന്നവരുണ്ട്.
തങ്ങളുടെ വേദ പുസ്തകത്തിൽ ദൈവത്തിന്റെ സ്വന്ത ജനമെന്ന നിലയിൽ തങ്ങളോടുള്ള ദൈവിക സ്‌നേഹത്തിൽ അഭിമാനം കൊള്ളുന്നവർ തങ്ങൾക്ക് വെളിയിലുള്ളവരെ ‘പുറ ജാതികൾ ‘എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ബൈബിൾ പുതിയ നിയമം യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ യേശു ക്രിസ്തു ശമര്യ വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയോട് വെള്ളമാവശ്യപ്പെടുന്നതും അനന്തരം യേശുവും ശമര്യക്കാരി സ്ത്രീയും തമ്മിൽ നടക്കുന്ന സംഭാഷണവും വായിക്കുന്നുണ്ട്.
ഗലീലയിലേക്ക് പോകുന്ന വഴി ശമര്യയിലെത്തിയപ്പോഴാണ് വെള്ളം കോരുവാൻ വന്ന സ്ത്രീയോട് യേശു വെള്ളമാവശ്യപ്പെടുന്നത്. തനിക്ക് കുടിപ്പാൻ തരുമോ?എന്ന യേശുവിന്റെ ചോദ്യത്തിന് ‘നീ യഹൂദൻ ആയിരിക്കെ ശമര്യക്കാരിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ?’ (യോഹന്നാൻ 4:9) എന്നാണ് സ്ത്രീ പ്രതികരിക്കുന്നത്. യഹൂദൻമാർ ഭ്രഷ്ട് കല്പിച്ചു അകറ്റി നിർത്തപ്പെട്ട വിഭാഗമായിരുന്നു ശമര്യക്കാർ. അവർ അകറ്റി നിർത്തപ്പെടേണ്ടവരും യാതൊരു വിധ സമ്പർക്കവും പുലർത്താൻ യോഗ്യരല്ലാത്തവരുമാണെന്ന ബോധമായിരുന്നു യഹൂദരെ ഭരിച്ചിരുന്നത്.
അത് കൊണ്ട് തന്നെയാണ് തന്നോട് വെള്ളമാവശ്യപ്പെട്ട യേശുവിന്റെ പ്രവൃത്തിയിൽ ആശ്ചര്യ ഭരിതയായിക്കൊണ്ടുള്ള പ്രതികരണം ആ സ്ത്രീയിൽ നിന്നു പുറത്ത് വന്നത്. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരെന്ന സ്വയ നീതി തങ്ങൾക്ക് വെളിയിലുള്ളവരെ ഹീനരും മ്ലേച്ഛരുമായി വിലയിരുത്തുവാനും അവരെ അമാന്യരും അയോഗ്യരും അധ:കൃതരുമാക്കി തിരസ്‌കരിക്കുവാനും അവരെ പ്രേരിപ്പിക്കുമ്പോൾ യഹൂദന്റെ സ്വയ നീതിയെ അപ്രസക്തമാക്കുകയാണ് ശമര്യ സ്ത്രീയോട് വെള്ളം ആവശ്യപ്പെടുന്നതിലൂടെ യേശു.
തങ്ങൾക്ക് വെളിയിൽ ഉള്ളവരുനായി സമ്പർക്കം പുലർത്താനോ അവരെ അംഗീകരിക്കുവാനോ അവർ തയ്യാറല്ല.
യേശു ക്രിസ്തുവിനെ മിശിഹയായി അംഗീകരിക്കുവാനോ യേശുവിന്റെ ദൈവത്വം ഉൾക്കൊള്ളുവാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. യേശുവിനെ സംബന്ധിച്ചുള്ള യോഹന്നാന്റെ വിവരണത്തിൽ ‘അവൻ സ്വന്തത്തിലേക്ക് വന്നു, എന്നാൽ സ്വന്തമായവരോ അവനെ കൈകൊണ്ടില്ല ‘(യോഹന്നാൻ 1:11) എന്ന് പരാമർശിച്ചത് യഹൂദരെ സംബന്ധിച്ചാണ്.
യേശു ശബത്തിനെ ലംഘിച്ചത് കൊണ്ടും ദൈവം സ്വന്ത പിതാവ് എന്ന് പറഞ്ഞു കൊണ്ട് തന്നത്താൻ ദൈവത്തോട് സമനാക്കിയത് കൊണ്ടും യഹൂദന്മാർ യേശുവിനെ അധികമായി കൊല്ലാൻ ശ്രമം നടത്തിയതായി യോഹന്നാൻ തന്നെ (5:18) രേഖപ്പെടുത്തുന്നുണ്ട്.
ഇസ്ലാമിക വീക്ഷണത്തിലേക്ക് വരുമ്പോൾ യഅ്ഖൂബ് നബിയുടെ സന്താന പരമ്പരയെ ‘ബനൂ ഇസ്രാഈൽ’ (ഇസ്രയേൽ സന്തതികൾ) എന്ന് വിളിക്കുന്നതായി കാണാം. ഇബ്രാഹിമിനെ വിശ്വാസികളുടെ പിതാവായി ഖുർആനും പഠിപ്പിക്കുന്നുണ്ട്.
(ഖുർആൻ സൂറത്ത് ആലു ഇംറാൻ 67) ഖുർആനിലെ പതിനേഴാം അധ്യായം ‘അൽ ഇസ്‌റാഅ്’ ഇസ്രാഈല്യരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെ ആധികാരികമായിത്തന്നെ വിവരിക്കുന്നതായി കാണാൻ കഴിയും. യഅ്ഖൂബ് നബിയുടെ സന്തതികൾ പന്ത്രണ്ടാണെന്ന സൂചന യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുന്ന ഭാഗത്തുണ്ട്.’യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം, ‘പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു ‘(സൂറത്ത് യൂസുഫ് 4) ഇവിടെ പറയുന്ന പതിനൊന്ന് നക്ഷത്രങ്ങൾ യൂസുഫിന്റെ സഹോദരന്മാരെ കുറിക്കുന്നു, യൂസുഫ് കൂടി ചേരുമ്പോൾ മക്കൾ പന്ത്രണ്ട്.
യഅ്ഖൂബ് നബി അല്ലാഹുവിന്റെ പ്രവാചകൻ ആയിരുന്നുവെന്നും ബനൂ ഇസ്രാഈൽ അല്ലാഹുവിന്റെ മതമായ ഇസ്ലാം അനുസരിച്ചു ജീവിച്ചിരുന്ന കാലത്ത് അവർ ഉത്തമ സമുദായം ആയിരുന്നുവെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ ദൂതന്മാരുടെ നാട് എന്ന നിലയിലും ദൈവിക സന്ദേശങ്ങൾ അവതരിച്ച പ്രദേശമെന്ന നിലയിലുമാണ് ഇസ്രായേൽ പുണ്യ ഭൂമി ആയി മാറുന്നത് എന്നും ഗോത്രത്തിന്റെയോ വംശത്തിന്റെയോ പേരിലല്ല മറിച്ച് ഉത്തമ സമുദായമായ ഇസ്ലാമിന്റെ പേരിലാണ് ദൈവിക തെരഞ്ഞെടുപ്പ് നടന്നതെന്നും പഠിപ്പിക്കുന്ന ഇസ്ലാമികാധ്യാപനങ്ങൾ തങ്ങളുടെ വാഗ്ദത്ത ഭൂമിയെന്ന് ഇന്ന് യഹൂദൻ അവകാശപ്പെടുന്നതിനെ തീർത്തും അടിസ്ഥാന രഹിതവും നിരർത്ഥകവുമായി വിലയിരുത്തുന്നു.
ഖുർആൻ പറയുന്നത് ഇപ്രകാരമാണ്.
‘ഇബ്രാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇത് തന്നെ ഉപദേശിച്ചു. ‘എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്കായി തെരഞ്ഞെടുത്തു തന്ന ജീവിത വ്യവസ്ഥയാണിത്, അതിനാൽ നിങ്ങൾ മുസ്ലിംകൾ അല്ലാത്തവരായി മരണപ്പെടരുത്.
‘എനിക്ക് ശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക’യെന്ന് യഅ്ഖൂബ് തന്റെ മക്കളോട് മരണാസന്നനായിരിക്കെ ചോദിച്ചപ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നുവോ? അവർ പറഞ്ഞു ‘ഞങ്ങൾ ഞങ്ങളുടെ ദൈവത്തെയാണ് ആരാധിക്കുക, അങ്ങയുടെ പിതാക്കളായ ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ഏക ദൈവത്തെ.
ഞങ്ങൾ അവന് കീഴ്‌പ്പെട്ട് കഴിയുന്നവർ (മുസ്ലിംകൾ) ആകും’ ‘(സൂറത്ത് അൽ ബഖറ 132,133)
അത് പോലെ യഹൂദന്മാരുമായുള്ള പോരാട്ടത്തിൽ അന്തിമ വിജയം പലസ്തീന് തന്നെയായിരിക്കുമെന്നും പലസ്തീന്റെ വിജയം കാണാതെ ലോകം അവസാനിക്കയില്ലെന്നും ‘സ്വഹീഹ് മുസ്ലിം’ അടക്കമുള്ള ചില ഹദീസുകളിൽ വായിക്കാം. വസ്തു നിഷ്ഠമായും നിഷ്പക്ഷമായും ഇസ്രയേൽ പലസ്തീൻ വിഷയത്തെ അപഗ്രഥിക്കുമ്പോൾ പ്രസ്തുത വിഷയത്തെ സങ്കീർണ്ണമാക്കുന്ന ആത്മിക തലങ്ങളെ കാണാതെ കടന്ന് പോകാൻ സത്യാന്വേഷിയായ ഒരു ചരിത്ര വിദ്യാർത്ഥിക്ക് ഒരിക്കലും കഴിയില്ല എന്നതാണ് വസ്തുത. ദൈവം കൂടെയുണ്ടെന്ന വിശ്വാസവും ഭാവിയിൽ ദൈവം കൂടെ നിൽക്കുമെന്ന ആശ്വാസവും മത വിശ്വാസികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വിടാം!
എന്നാൽ പതിറ്റാണ്ടുകളായി അധിനിവേശം നേരിടുകയും അടിച്ചമർത്തൽ അനുഭവിക്കുകയും ചെയ്യുന്ന ജന വിഭാഗത്തോട് ഐക്യപ്പെടുകയും പ്രസ്തുത വിഷയത്തെ സംബന്ധിച്ച വസ്തു നിഷ്ഠ പൊതു അവബോധം സൃഷ്ടിച്ചെടുക്കുകയുമാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്ന ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വം!