കർണാടകയിലെ ലൈംഗിക വീഡിയോ വിവാദത്തിൽ ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെഡിഎസ് എംഎൽഎയുമായ എച്ച് ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എംഎൽഎമാർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യോഗത്തിൽ നടപടിയെടുത്തത്. കർണാടക സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വരുന്നതുവരെയാണ് സസ്‌പെൻഷൻ.
പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രജ്വൽ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വൽ പകർത്തിയിരുന്നത്. ഹാസനിൽ ബിജെപിക്കൊപ്പം സഖ്യം ചേർന്ന് എൻഡിഎ സ്ഥാനാർത്ഥിയായാണ് 33 കാരനായ പ്രജ്വൽ രേവണ്ണ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനിൽ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോകൾ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഒരു സ്ത്രീ പൊലീസിൽ പരാതി നൽകിയിരുന്നു. 2019 മുതൽ 2022 വരെ പലതവണ പ്രജ്വൽ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി.
സർക്കാർ കേസെടുത്തതിന് പിന്നാലെ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് കടന്നിരുന്നു. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും, പത്തു പതിനഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. രാജ്യം വിട്ടുപോയ പ്രജ്വൽ രേവണ്ണയോട് ഉടൻ ഇന്ത്യയിലെത്താൻ ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു. കർണാടകയിലെ ഹാസനിൽ ബിജെപി പിന്തുണയിൽ എൻഡിഎ സ്ഥാനാർത്ഥിയാണ് പ്രജ്വൽ രേവണ്ണ.