നവതിയുടെ നിറവിൽ മലയാള ഭാഷയുടെ സ്വന്തം എംടി. നിളയുടെ കഥാകാരനായി നിന്നു കൊണ്ട് രണ്ടാമൂഴമടക്കമുള്ള ഇതിഹാസങ്ങൾ സൃഷ്ടിച്ച എം ടി വാസുദേവൻ നായർ എന്ന മലയാള ഭാഷയുടെ ഗുരുനാഥനു കേരളക്കരയാകെ പിറന്നാൾ ആശംസകൾ നേരുകയാണ്. മലയാള ഭാഷയെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയ എം ടിയ്ക്ക് ഓരോ മലയാളിഹൃദയത്തിലും ഉള്ള സ്ഥാനം ചെറുതല്ല. ഏതു തലമുറയിൽപ്പെട്ടവർക്കും എളുപ്പത്തിൽ ഗ്രഹിക്കാനാവുന്ന ഒരു മാസ്മരികത അദ്ദേഹത്തിന്റെ എഴുത്തുകളിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നോവോർമ്മയറിഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. ബിരുദം നേടുമ്പോൾ രക്തം പുരണ്ട മൺതരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നിൽ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടൽകടന്നുപോയ ഷെർലക്കുമെല്ലാം എംടിയുടെ കീർത്തിമുദ്രാകളാണ് ഇപ്പോഴും. തന്റെ വരുതിയിൽ വായനക്കാരനെ നിർത്താൻ എഴുത്തുശൈലി തന്നെയായിരുന്നു എംടിയുടെ കൈമുതൽ. അത് ഹൃദയത്തോട് സംസാരിച്ചു.
മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എംടിയുടെ പല നോവലുകളും. 23ാം വയസ്സിലാണ് എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. 1958 ൽ നാലുകെട്ടിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മഞ്ഞു, കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതിയാണ് അദ്ദേഹം ചലചിത്ര ലോകത്തേക്ക് ചുവടുവെക്കുന്നത്.
നിരവധി സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചു. മികച്ച തിരക്കഥക്കുള്ള നാഷണൽ അവാർഡ് നാല് തവണ അദ്ദേഹത്തിന് ലഭിച്ചു.എംടി ആദ്യമായി സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിന് 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു.