തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണം ഈ മാസം ആരംഭിക്കും.
ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയെ അറിയിച്ചത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ ആണു നിർമാണപ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്‌ക്വയർ ഫീറ്റുള്ള വീടുകളാണു നിർമിക്കുന്നത്. ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.നേരത്തെ, ടൗൺഷിപ്പിനായി സർക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ എൽസ്റ്റൺ, ഹാരിസൺസും സമർപ്പിച്ച ഹരജി തള്ളിയായിരുന്നു കോടതി വിധി. ഭൂമി ഏറ്റെടുക്കുമ്പോൾ എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.