ടി കെ മുസ്തഫ വയനാട്
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫും ബിജെപി യും തമ്മിൽ വടകര ലോകസഭ മണ്ഡലത്തിൽ രഹസ്യ ധാരണ നില നിൽക്കുന്നുണ്ടെന്നും പ്രസ്തുത ധാരണയുടെ അടിസ്ഥാനത്തിൽ വോട്ടുകൾ മറിച്ചു നൽകാൻ ഇരു മുന്നണികളും പരസ്പരം ധാരണയായിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ മതേതര സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നുമുള്ള കെ മുരളീധരന്റെ പ്രസ്താവന പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവും മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ ബിജെപി പാളയത്തിലേക്കെത്തിയതായുള്ള വാർത്ത ശ്രവിക്കുന്നത് കേരളം.
അപകടകരമായ വികല ധാരണയിൽ നിന്നോ മന:പൂർവം സത്യത്തെ തമസ്കരിച്ചു കൊണ്ടോ ‘ വായിൽ തോന്നിയത് കോതക്ക് പാട്ടെ’ന്ന പോൽ അബദ്ധ അസത്യ പ്രസ്താവനകൾ വലിയ വായിൽ വിളിച്ചു കൂവി കമ്മ്യൂണിസ്റ്റ് ബിജെപി ബാന്ധവം സ്ഥാപിച്ചെടുത്തുവെന്ന മട്ടിൽ
ന്യൂന പക്ഷങ്ങൾക്കിടയിൽ ആശങ്ക പരത്തുകയും പ്രസ്തുത ഭീതിയിൽ നിന്നുടലെടുക്കുന്ന ന്യൂന പക്ഷ ഏകീകരണം വോട്ടുകളാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് വ്യാമോഹിക്കുകയും ചെയ്യുകയായിരുന്നു കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ജന പിന്തുണ കണ്ട് ഹാലിളകിയ വടകര സിറ്റിംഗ് എം പി കൂടിയായ കോൺഗ്രസ് നേതാവ്.
കേരളത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുന്നതിന്നായി സംഘ് പരിവാറിനൊപ്പം കൂട്ടു ചേർന്ന് പ്രാദേശിക തലം തൊട്ട് പാർലമെന്റ് തലം വരെയുള്ള തെരഞ്ഞെടുപ്പുകളിലെ കുപ്രസിദ്ധ വോട്ട് കച്ചവടത്തിന്റെ പിന്നാമ്പുറ കഥകൾ പറയാനുള്ളത് മുരളീധരന്റെ പാർട്ടിക്കും മുന്നണിക്കും തന്നെയാണെന്നത് ആർക്കാണറിഞ്ഞു കൂടാത്തത്? 1991 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ
അഡ്വക്കേറ്റ് എം രത്ന സിംഗ് എന്ന സംയുക്ത സ്വതന്ത്ര സ്ഥാനാർഥിയെ അവതരിപ്പിച്ച് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ പി ഉണ്ണി കൃഷ്ണനെ എതിരിട്ടതും 1991 ൽ തന്നെ ബേപ്പൂർ നിയമ സഭ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി ടി കെ ഹംസയെ നേരിടാൻ കോൺഗ്രസ്-
ലീഗ് -ബിജെപി ആശീർ വാദത്തോടെ ഡോ. കെ.മാധവൻകുട്ടിയെന്ന ആ ർ എസ് എസുകാരനെ സ്ഥാനാർഥിയായി അവതരിപ്പിച്ചതും മറ്റു മണ്ഡലങ്ങളിൽ ബിജെപി യുടെ നിശ്ചിത വോട്ട് യു ഡി എഫിന് മറിക്കാനുള്ള തീരുമാനം കൈ കൊണ്ടതും പ്രത്യുപകാരമായി മഞ്ചേശ്വരത്ത് കെ ജി മാരാർക്കും തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ളക്കും തിരുവനന്തപുരത്ത് ഒ രാജഗോപാലിനും രഹസ്യ പിന്തുണ വാഗ്ദാനം ചെയ്തതും രാഷ്ട്രീയ വിദ്യാർത്ഥികളുടെ ഓർമ്മയിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോകുന്നതല്ല!
ഈ ലേഖകൻ ഈ ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായി അന്നത്തെ ബേപ്പൂർ നിയോജക മണ്ഡലത്തിലെ ചില വോട്ടർമാരുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരം ‘നമ്മുടെ എം കുട്ടിക്ക് വോട്ട് ചെയ്യണം ‘എന്നായിരുന്നുവത്രെ ചില കേന്ദ്രങ്ങളിലൊക്കെ മുസ്ലിം ലീഗുകാർ പ്രചരണം നടത്തിയത്!
വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അനഭിമതരായ വിഭാഗങ്ങളെ വംശീയ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടാനുള്ള സംഘ് പരിവാർ ഹിഡൻ അജണ്ട ബാബറി മസ്ജിദ്-‐രാമജന്മഭൂമി തർക്കമുയർത്തിയ സാമുദായിക ധ്രുവീകരണത്തിന്റെ സാധ്യതകളിലൂടെ പ്രയാണമാരംഭിച്ച കാലഘട്ടമായിരുന്നു അതെന്നോർക്കണം!
കെ ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിലും ഒ രാജഗോപാലിന്റെ ആത്മ കഥയായ ‘ജീവിതാമൃത’ത്തിലും കെ രാമൻ പിള്ളയുടെ ആത്മ കഥയായ ‘ധർമം ശരണം ഗച്ഛാമി ‘യിലും ഇത് സംബന്ധിച്ച പരാമർശങ്ങൾ വായിക്കാവുന്നതാണ്. ഭരണാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് നിരന്തരം ആവർത്തിക്കുന്ന സംഘ പരിവാർ ഫാസിസ്റ്റു നിലപാടുകൾക്കെതിരിൽ മത നിരപേക്ഷതയിലധിഷ്ഠിതമായ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പകരം ആർ എസ് എസ് പ്രത്യയശാസ്ത്ര ബാന്ധവം പുലർത്തി ഇടത് പക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസും സഖ്യ കക്ഷികളും പലപ്പോഴും സ്വീകരിക്കുന്നത്!
അധികാരം നേടുന്നതിനും നില നിർത്തുന്നതിനുമായുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള യു ഡി എഫ് ബിജെപി കൂട്ടു കെട്ടിനേയും വോട്ട് കച്ചവടത്തെയും മറച്ചു പിടിക്കാൻ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കെതിരിൽ വ്യാജരോപണങ്ങളുന്നയിച്ച് സ്വയം അപഹാസ്യനാവുകയാണ് മുരളീധരൻ!