വയനാട് തരുവണയിൽ സ്വീകരണവേദിയും പരിസരവും പച്ചയിൽ അലങ്കരിച്ചതിനെ തുടർന്ന് പ്രസംഗിക്കാതെ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മടങ്ങിയ സംഭവം സംഘ് പരിവാറിന്റെ ഹിന്ദുത്വവുമായി പ്രത്യയശാസ്ത്ര ബാന്ധവം പുലർത്തുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പതിവ് ജീർണ്ണതയാണ് വെളിപ്പെടുത്തുന്നത്. സ്ഥാനാർഥി പോയതിന് പിന്നാലെ വിഷയത്തിന്റെ പേരിൽ കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടുകയും പോർ വിളിക്കുകയും ചെയ്യുന്ന സാഹചര്യവുമുടലെടുത്തു.
പ്രിയങ്കയുടെ പിതാവ് രാജീവ് ഗാന്ധിയുടെ കാലം മുതൽക്കാണ് കോൺഗ്രസ് ആർ എസ് എസിന്റെ ഏക ശിലാത്മക ബ്രാഹ്മണാധിപത്യ മനുവാദി ഫാസിസ്റ്റിക് ഹിന്ദുത്വരാഷ്ട്ര സിദ്ധാന്തത്തെ പിന്തുണക്കുകയും രാജ്യത്തെ ശിഥിലമാക്കാനും വർഗ്ഗീയ വത്കരിക്കാനുമുള്ള ഫാസിസ്റ്റ് ഗൂഡാലോചനക്ക് വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുകയും ചെയ്യുന്ന നിലപാടുകൾ ശക്തിപ്പെടുത്തിയതെന്ന് കാണാൻ കഴിയും.
രാജ്യത്തിന്റെ ബഹു സ്വരതയെ തകർക്കുമെന്ന ദീർഘവീക്ഷണത്തോടെ 1949ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടച്ചുപൂട്ടിയ ബാബറി മസ്‌ജിദ് 1986 ഫെബ്രുവരി 1ന് ഹിന്ദുത്വ സംഘടനകൾക്ക് തുറന്ന് കൊടുത്ത് തീവ്ര വർഗീയതയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കായുള്ള രാഷ്ട്രീയ പരിസരം സൃഷ്ടിക്കാൻ ആർ എസ് എ സിന് കരുത്തു പകർന്നത് രാജീവ് ഗാന്ധിയായിരുന്നു.
1984 ലെയും 1989ലെയും പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ രാജീവ് ഗാന്ധിക്ക് പരി പൂർണ്ണ പിൻതുണ പ്രഖ്യാപിച്ച ആർഎസ് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനായി സർസംഘചാലക് ബാബാ സാഹിബ് ദേവരസിനെ ചുമതലപ്പെടുത്തിയതും മതേതര ഇന്ത്യ മറന്നിട്ടില്ല. രാജീവ് ഗാന്ധിയും ദേവരസും തമ്മിലുള്ള ഉടമ്പടിക്ക് മുൻകൈ എടുത്തത് താനായിരുന്നുവെന്ന് കോൺഗ്രസ് നേതാവും നാഗ്പൂരിൽ നിന്നുള്ള എംപിയുമായിരുന്ന ബെൻവാരിലാൽ പുരോഹിത് പിൽകാലത്ത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. 1989-ൽ ശിലാന്യാസത്തിന് അനുമതി നൽകി ഇന്ത്യൻ മതേതരത്വത്തിന്റെ കടക്കൽ കത്തി വെക്കാനുള്ള വി.എച്ച്.പിയുടെയും സംഘപരിവാർ സംഘടനകളുടെയും കുല്സിത ശ്രമങ്ങൾക്ക് സകല സഹായങ്ങളും ചെയ്തു കൊടുത്തതും രാജീവ് ഗാന്ധിയായിരുന്നു.
തീർന്നില്ല, ബാബരി മസ്ജിദ് – രാമജൻമഭൂമി തർക്കം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ വളരെ വിജയകരമായി നടപ്പിലാക്കി വരികയായിരുന്ന ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് തന്റെ സംഘ് പരിവാർ വിധേയത്വം മറയില്ലാതെ ഒരിക്കൽ കൂടി വെളിപ്പെടുത്തി രാജീവ് ഗാന്ധി. ആറ് മാസം കൂടി ചന്ദ്രശേഖർ സർക്കാരിന് കാലാവധി കിട്ടിയിരുന്നുവെങ്കിൽ രാമജൻമഭൂമി – മസ്ജിദ് തർക്കത്തിന്റെ പരിസമാപ്തി വളരെ ശുഭകരമാകരമായി മാറിയേനേ എന്ന് ശരത് പവാർ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അയോദ്ധ്യയിൽ ഭൂമിപൂജയ്ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിലുള്ള നീരസം പരസ്യമാക്കിക്കൊണ്ട് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയെ ഓർമിപ്പിച്ചത് 1989ൽ രാജീവ് ഗാന്ധി നടത്തിയ ശിലാന്യാസത്തെക്കുറിച്ചായിരുന്നു.
ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരർ 1949 മുതൽ ലക്ഷ്യം വെച്ച ബാബരി ധ്വംസന അജണ്ട 1992 ഡിസംബർ 6 ന് അവർ നടപ്പാക്കിയെങ്കിൽ അതിന് സഹായകമായത് മത വിഭാഗങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പ്രീണിപ്പിച്ച് രാഷ്ട്രീയ അധികാരം ലക്ഷ്യം വെച്ച് കൊണ്ട് വോട്ട് ബാങ്കുകൾ സൃഷ്ടിക്കുക എന്ന രാജീവ് ഗാന്ധിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ തന്നെയായിരുന്നു. ഇന്നും ദക്ഷിണേന്ത്യയിൽ ബാബരി മസ്ജിദിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുമ്പോഴും ഉത്തരേന്ത്യയിൽ തർക്ക മന്ദിരമെന്ന് ഭേദഗതി ചെയ്യാനുള്ള രാഷ്ട്രീയ കൗശലവും രാജീവിന്റെ അണികൾക്ക് സ്വന്തം. രാജീവിന്റെ മകളിൽ നിന്ന് ലീഗുകാരെ മറിച്ചൊരു നീക്കം നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ?